ടീസ്റ്റ സെറ്റല്‍വാദിന് പുറത്തിറങ്ങാനാകില്ല; ജാമ്യം നിഷേധിച്ച് കോടതി, ആര്‍ബി ശ്രീകുമാറിനും ജാമ്യമില്ല
അഹമ്മദാബാദ്: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെയും മുന്‍ ഡിജിപി ആര്‍ബി ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ അഹമ്മദാബാദ് സെഷന്‍സ് കോടതി തള്ളി. 2002ലെ ഗുജറാത്ത് കലാപക്കേസില്‍ നിരപരാധികളെ പ്രതികളാക്കാന്‍ വ്യാജരേഖയുണ്ടാക്കി എന്നാരോപിച്ചാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരായ കേസ് അന്വേഷിക്കുന്നത് ഗുജറാത്ത് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
ഗുല്‍ബര്‍ഗ് സൊസൈറ്റില്‍ കലാപത്തിനിടെ 65 പേരെ ചുട്ടുകൊന്ന കേസില്‍ നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി സുപ്രീംകോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. തൊട്ടുപിന്നാലെയാണ് കലാപകാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ നിരന്തരം പ്രസ്താവന നടത്തിയിരുന്ന സെറ്റല്‍വാദിനെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്.

സെറ്റല്‍വാദും ശ്രീകുമാറും ഇപ്പോള്‍ സബര്‍മതി ജയിലിലാണ്. പ്രതികള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നും ജാമ്യം നല്‍കാനാകില്ലെന്നും ജഡ്ജി ഡിഡി തക്കാര്‍ പറഞ്ഞു. ഇന്ന് വിരമിക്കാനിരിക്കെയാണ് തക്കാര്‍ ഇരുവരുടെയും ജാമ്യ ഹര്‍ജി പരിഗണിച്ചത്. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കലാപമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക നേട്ടത്തിനാണ് പ്രതികള്‍ ഇത് ചെയ്തത്. കൊല്ലപ്പെട്ട എംപി ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രിയെ വഴിക്കാട്ടിയിരുന്നത് ഇവരായിരുന്നു... എന്നിങ്ങനെ പോകുന്നു പ്രതികള്‍ക്കെതിരായ ആരോപണം. ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാണ് നല്‍കുക എന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സെറ്റല്‍വാദിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാരും പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു. സെറ്റല്‍വാദും മുന്‍ പോലീസ് ഓഫീസര്‍മാരായ ശ്രീകുമാറും സഞ്ജീവ് ഭട്ടും ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനായിരുന്നു ശ്രമം. കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് വേണ്ടിയാണ് ഇവരിത് ചെയ്തതെന്നും ഗുജറാത്ത് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. പലഘട്ടങ്ങളിലായി അഹമ്മദ് പട്ടേലില്‍ നിന്ന് സെറ്റല്‍വാദ് 30 ലക്ഷം രൂപ കൈപറ്റി. മൂന്ന് സാക്ഷികള്‍ ഇക്കാര്യം ശരിവെക്കുന്നു. ഒരു സാക്ഷി സെറ്റല്‍വാദിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ റയീസ് ഖാന്‍ പത്താനാണ്. ടീസ്റ്റയുടെ സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്ന സംഘടനയില്‍ ജോലി ചെയ്തിരുന്നു പത്താന്‍.
നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് കലാപം എന്ന ആരോപണം കോടതികള്‍ തള്ളിയിരുന്നു. സാക്കിയ ജഫ്രിയുടെ ഹര്‍ജി കഴിഞ്ഞ മാസമാണ് സുപ്രീംകോടതി തള്ളിയതും മോദിക്ക് ശുദ്ധി പത്രം നല്‍കിയതും. തൊട്ടുപിന്നാലെയാണ് ടീസ്റ്റക്കും മറ്റു രണ്ടുപേര്‍ക്കുമെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തതും.












Click it and Unblock the Notifications