'പശുവിന്റെ ഒരുതുള്ളി രക്തം ഭൂമിയില്‍ വീഴാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും':കോടതി

ഗാന്ധിനഗർ: പശു കശാപ്പ് നിർത്തിയാൽ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ഗുജറാത്തിലെ താപി ജില്ലാകോടതി ജഡ്ജി. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം പറഞ്ഞത്. പശുവിന്റെ ഒരു തുള്ളി രക്തം പോലും വീഴാതെയിരുന്നാൽ ഭൂമിയിൽ ക്ഷേമം വർധിക്കുമെന്നും ജഡ്ജി പറഞ്ഞു. 22 കാരനായ മുഹമ്മദ് അമീനിനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
സംസ്‌കൃത ശ്ലോകം ഉദ്ധരിച്ചുകൊണ്ട് 'പശുക്കൾക്ക് വംശനാശം സംഭവിച്ചാൽ, പ്രപഞ്ചവും ഇല്ലാതാകും, വേദങ്ങളുടെ ഉത്ഭവം പശുക്കൾ ഉള്ളതിനാലാണ്' എന്നും കോടതി പറഞ്ഞത്. 'പശുക്കൾ സന്തുഷ്ടരാകുന്നിടത്ത് സമ്പത്തും അഭിവൃദ്ധിയും ഉണ്ടാവുന്നു. പശുക്കൾ അസന്തുഷ്ടരായി തുടരുന്ന ഇടത്ത് ഇവ രണ്ടും ഇല്ലാതാവും. പശു രുദ്രയുടെ അമ്മയും വസുവിന്റെ മകളും അദിതിപുത്രന്മാരുടെ സഹോദരിയും ധ്രുവ് രൂപ്അമൃതിന്റെ നിധിയുമാണ്.' സംസ്‌കൃതം ശ്ലോകം ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു.
'പശു ഒരു മൃഗം മാത്രമല്ല, അമ്മയാണ്' എന്നാണ് കന്നുകാലി കടത്തും കശാപ്പും ഓർമ്മിച്ചുകൊണ്ട് കോടതി പറഞ്ഞിരിക്കുന്നത്. 'അതിനാലാണ് പശുവിന് അമ്മയുടെ പേര് നൽകിയിരിക്കുന്നത്. പശുവിനേക്കാൾ ഹിതകരമായ മറ്റൊന്നില്ല. 68 കോടി പുണ്യസ്ഥലങ്ങളുടെയും മുപ്പത്തിമുക്കോടി ദേവന്മാരുടെയും ജീവനുള്ള ഗ്രഹമാണ് പശു.
പശുവിന്റെ ഒരു തുള്ളി രക്തം ഭൂമിയിൽ വീഴാത്ത ദിവസം ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുകയും ഭൂമിയിൽ ക്ഷേമം ഉണ്ടാവുകയും ചെയ്യും. പശു സംരക്ഷണത്തെക്കുറിച്ചും പശുവളർത്തലിനെക്കുറിച്ചും ധാരാളം ചർച്ചകളുണ്ട്. പക്ഷേ അത് പ്രായോഗികമാക്കുന്നില്ല.' കോടതി പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്നും കന്നുകാലികളെ കടത്തിയെന്നതായിരുന്നു പ്രതിക്കെതിരായ കുറ്റം. പതിനാറോളം പശുക്കളെ കടത്തിയതിനാണ് 2020 ൽ മുഹമ്മദ് അമീനെ പോലീസ് കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications