നരോദ പാട്യ കലാപക്കേസിലെ പ്രതിയുടെ മകള്‍ ബിജെപി സ്ഥാനാര്‍ത്ഥി; അച്ഛന്‍ 40 വര്‍ഷമായി ബിജെപിക്കാരനെന്ന് മകള്‍
അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ബി ജെ പി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പ്രമാദമായ നരോദ പാട്യ കൂട്ടക്കൊലക്കേസ് പ്രതിയുടെ മകള്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കിയിരിക്കുകയാണ് ബി ജെ പി. അഹമ്മദാബാദ് നഗരത്തിലെ നരോദയില്‍ നിന്നാണ് കൂട്ടക്കൊലക്കേസ് പ്രതിയുടെ മകള്‍ മത്സരിക്കുന്നത്.
കേസിലെ പ്രതിയും ശിക്ഷ അനുഭവിക്കുന്നയാളുമായ മനോജിന്റെ മകളായ പായല്‍ കുക്രാനിക്ക് ആണ് ബി ജെ പി സീറ്റ് നല്‍കിയിരിക്കുന്നത്. അനസ്‌തെറ്റിസ്റ്റാണ് 30 കാരിയായ പായല്‍ കുക്രാനി. മനോജ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് നിലവില്‍ പരോളില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ആദ്യഘടത്ത സ്ഥാനാര്‍ത്ഥി പട്ടികയില്‍ ബി ജെ പിയുടെ പ്രായം കുറഞ്ഞ വനിത സ്ഥാനാര്‍ത്ഥിയും പായല്‍ കുക്രാനിയാണ്.

Image Credit; [email protected]
പായലിന്റെ അമ്മ രേഷ്മ അഹമ്മദാബാദിലെ സൈജ്പൂരില്‍ നിന്നുള്ള കോര്‍പ്പറേറ്റ് കൗണ്‍സില്‍ അംഗമാണ്. പാര്‍ട്ടി തന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് പായല്‍ പറഞ്ഞു. 40 വര്‍ഷമായി അച്ഛന്‍ ബി ജെ പി പ്രവര്‍ത്തകനാണ്. എന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഞാന്‍ പങ്കെടുത്തിരുന്നു, പായല്‍ പറഞ്ഞു.

Image Credit; [email protected]
അതേസമയം മകള്‍ തീര്‍ച്ചയായും ഉയര്‍ന്ന മാര്‍ജിനില്‍ വിജയിക്കും എന്നും തനിക്ക് ആത്മവിശ്വാസമുണ്ട് എന്നും രേഷ്മ പറയുന്നു. സംസ്ഥാനത്തെ ബി ജെ പിയുടെ ഉറച്ച സീറ്റുകളിലൊന്നാണ് നരോദ. നേരത്തേ നരോദ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബി ജെ പി എം എല്‍ എമാരായത് ഡോക്ടര്‍മാരായ മായ കൊട്‌നാനിയും നിര്‍മല വാധ്വാനിയുമാണ്. 1990 മുതല്‍ നരോദ സീറ്റില്‍ ബി ജെ പിയാണ് ജയിച്ച് വരുന്നത്. 1998 ല്‍ എം എല്‍ എയായ മായ കൊട്‌നാനി 2002 ലും 2007 ലും മണ്ഡലം നിലനിര്‍ത്തുകയായിരുന്നു.

2012 ല്‍ നിര്‍മല വധ്‌വനിയും 2017 ല്‍ ബല്‍റാം തവനിയും ആണ് മണ്ഡലത്തില്‍ നിന്ന് ബി ജെ പിക്കായി മത്സരിച്ച് വിജയിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ 97 പേര്‍ കൊല്ലപ്പെട്ട സംഭവമാണ് നരോദ പാട്യ കേസ് എന്ന് അറിയപ്പെടുന്നത്. കേസിലെ 16 പ്രതികളില്‍ ഒരാളാണ് മനോജ്. മനോജ് കുക്രാനിയുടെയും മറ്റ് 15 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി 2018 ല്‍ ശരിവെക്കുകയായിരുന്നു.

അതേസമയം നരോദ പാട്യ കലാപ കേസിലെ പ്രതിയുടെ മകളെ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. എന്തുകൊണ്ടാണ് മണ്ഡലത്തില്‍ ബി ജെ പി മറ്റൊരു സ്ഥാനാര്‍ഥിയെ പരിഗണിക്കാത്തത് എന്നാണ് കോണ്‍ഗ്രസ് വക്താവ് അലോക് ശര്‍മ ചോദിക്കുന്നത്. ബി ജെ പിയുടെ വ്യാജ ഹിന്ദുത്വം തുറന്ന് കാട്ടപ്പെട്ടു എന്നും ഇനി ഇതിന് വിജയ സാധ്യത ഇല്ല എന്നും അലോക് ശര്‍മ പറഞ്ഞു. എല്ലാ കാലത്തും ബി ജെ പി ഇത് തന്നെയാണ് ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications