ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ്; പ്രചരണം കൊഴുപ്പിക്കാൻ ഉറച്ച് ബിജെപി, മോദി പങ്കെടുക്കുക 25 റാലികളിൽ
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ വീണ്ടും ഗുജറാത്തിൽ തുടർഭരണത്തിന് കോപ്പ് കൂട്ടുകയാണ് ബി ജെ പി. ആം ആദ്മിയുടെ കടന്ന് വരവോടെ മത്സരം ശക്തമായതോടെ പ്രധാനമന്ത്രിയെ ഉൾപ്പെടുത്തി നിരവധി റാലികൾ ഇതിനോടകം തന്നെ ബി ജെ പി പൂർത്തിയാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഏകദേശം 150 ഓളം മണ്ഡലങ്ങളിലായി 25 റാലികളിലാണ് മോദി പങ്കെടുക്കുക.

അടുത്താഴ്ചയോടെ മോദിയുടെ തിരഞ്ഞെടുപ്പ് റാലികൾ ആരംഭിക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം വെള്ളിയാഴ്ചയോടെ കൈക്കൊള്ളുമെന്ന് നേതൃത്വം പറഞ്ഞു. നവംബർ 17 വരെയാണ് പ്രധാനമന്ത്രിയുടെ റാലികൾ നടക്കുക. മോദിയെ കൂടാതെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അമിത് ഷാ, ജെപി നദ്ദ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, അർജുൻ മുണ്ട, തുടങ്ങി പ്രമുഖകർ ഉൾപ്പെടെയുള്ളവർ വരും ദിവസങ്ങളിൽ ഗുജറാത്തിൽ പ്രചരണത്തിൽ സജീവമാകും.
ഇക്കുറി സംസ്ഥാനത്ത് വൻ ഭൂരിപക്ഷമാണ് ബി ജെ പി സ്വപ്നം കാണുന്നത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളായിരുന്നു ബി ജെ പി നേടിയത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് മോദിയുടെ തട്ടകത്തിൽ സീറ്റുകൾ കുറയുന്നത് ബി ജെ പിക്ക് വലിയ ക്ഷീണം വരുത്തുമെന്നതിനാൽ തന്നെ ഭൂരിപക്ഷം ഉയർത്താനുള്ള തീവ്രശ്രമങ്ങളാണ് നേതൃത്വം നടത്തുന്നത്.
2012 ലെ റെക്കോഡ് തകർക്കുകയാണ് ലക്ഷ്യമെന്ന് ബി ജെ പി വൃത്തങ്ങൾ പറയുന്നു. അന്ന് 127 സീറ്റുകളായിരുന്നു പാർട്ടി നേടിയത്. ഇക്കുറി 130 സീറ്റുകൾ വരെയാണ് ബി ജെ പി പ്രതീക്ഷ പുലർത്തുന്നത്. പരമാവധി സീറ്റ് നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ അതീവ ജാഗ്രതയാണ് ബി ജെ പി പുലർത്തിയത്. 38 സിറ്റിംഗ് എം എൽ എമാരെ ബി ജെ പി ഒഴിവാക്കി. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, ഉപമുഖ്യമന്ത്രി എന്നിവർക്കും സീറ്റ് നൽകിയില്ല. പട്ടികയിൽ യുവാക്കൾക്ക് പ്രധാന്യം നൽകിയിട്ടുണ്ട്. കോൺഗ്രസിൽ നിന്നും രാജിവെച്ച് എത്തിയവർക്കും പാർട്ടി സീറ്റ് അനുവദിച്ചിട്ടുണ്ട്. ഹർദിക് പട്ടേൽ, ക്രിക്കറ്റർ ജഡേജയുടെ ഭാര്യ എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 1, 5 എന്നിങ്ങനെയാണ് രണ്ട് ഘട്ടം. ഡിസംബർ 8 ന് ഹിമാചൽ നിയമസഭ തിരഞ്ഞെടുപ്പിന് ഒപ്പം തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.












Click it and Unblock the Notifications