ഗുജറാത്ത് വെള്ളപ്പൊക്കം; മരണം 28 ആയി, മുഖ്യമന്ത്രിയെ വിളിച്ച് പ്രധാനമന്ത്രി
ഗുജറാത്ത് വെള്ളപ്പൊക്കത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. 5000ത്തോളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ തുടരുകയാണ്. സൗരാഷ്ട്രയിലെ മിക്കയിടങ്ങളും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്. 12 ഓളം ജില്ലകളിൽ റെഡ് അലർ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ ഫോണില്‍ വിളിച്ച് അടിയന്തര സഹായം വാഗ്ദാനം ചെയ്തു.
കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ, മോർബി, സുരേന്ദ്രനഗർ, രാജ്‌കോട്ട്, പോർബന്തർ, ജുനഗർ, ഗിർ സോമനാഥ്, അമ്രേലി, ഭാവ്‌നഗർ, ബോട്ടാഡ് തുടങ്ങിയ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് ഉള്ളത്. ബുധനാഴ്ച, സൗരാഷ്ട്ര മേഖലയിലെ ദേവഭൂമി ദ്വാരക, ജാംനഗർ, രാജ്‌കോട്ട്, പോർബന്തർ തുടങ്ങിയ ജില്ലകളിൽ അതിശക്തമായ മഴയാണ് പെയ്തത്. 12 മണിക്കൂറിനിടെ 50 മില്ലിമീറ്ററിനും 200 മില്ലിമീറ്ററിനും ഇടയിൽ മഴയാണ് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. ദേവഭൂമി ദ്വാരക ജില്ലയിലെ ഭൻവാദ് താലൂക്കിൽ മാത്രം 185 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് ലഭിച്ച ഏറ്റവും ഉയർന്ന കണക്കാണിതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

നിലവിൽ എന്‍ ഡി ആര്‍ എഫിന്‍റെ 14 യൂണിറ്റുകളാണ് രംഗത്തുള്ളത്. 22 എസ് ഡി ആർ എഫ് പ്രവർത്തകരേയും വിന്യസിച്ചിട്ടുണ്ട്. അതേസമയം പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് 40,000 പേരെ ഇതുവരെ മാറ്റിപ്പാർപ്പിച്ചതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ അറിയിച്ചു.
അതേസമയം, മുഖ്യമന്ത്രി പട്ടേൽ സംസ്ഥാനത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്തു. വഡോദര, ദേവഭൂമി, ദ്വാരക, ജാംനഗർ എന്നിവിടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് അദ്ദേഹം അധികൃതർക്ക് നിർദ്ദേശം നൽകി. ദുരിതബാധിതർക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കുമെന്നും തടസപ്പെട്ട വൈദ്യുതി വിതരണം അടിയന്തരമായി പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications