'അതൊക്കെ സ്വഭാവികം, മനുസ്മൃതി വായിച്ച് നോക്കൂ'; ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 17 കാരിയോട് വിചിത്ര നിര്‍ദേശവുമായി ഗുജറാത്ത് ഹൈക്കോടതി. ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയ പെണ്‍കുട്ടിയുടെ അഭിഭാഷകനായ സിക്കന്ദര്‍ സയ്യിദിനോട് മനുസ്മൃതി വായിക്കാനാണ് ഗുജറാത്ത് ഹൈക്കോടതി ജഡ്ജി സമീര്‍ ജെ ദാവേ നിര്‍ദേശിച്ചത്. 17 വയസില്‍ ഗര്‍ഭിണിയാകുന്നത് സ്വാഭാവികമാണ് എന്നും അദ്ദേഹം നിരീക്ഷിച്ചു.
പെണ്‍കുട്ടികള്‍ 14-15 വയസിനുള്ളില്‍ വിവാഹം കഴിക്കുന്നതും 17 വയസില്‍ പ്രസവിക്കുന്നതും എല്ലാം പണ്ടൊക്കെ വളരെ സ്വാഭാവികമായ കാര്യമായിരുന്നു. മനുസ്മൃതി വായിച്ചിട്ടില്ലെങ്കില്‍ വായിക്കണം എന്നും കോടതി അഭിഭാഷകനോട് ആവശ്യപ്പെട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണ്. ആഗസ്റ്റ് 18 ന് പ്രസവ തിയതിയാണ് എന്നതിനാല്‍ ഇക്കാര്യത്തില്‍ വളരെ വേഗം തീര്‍പ്പുണ്ടാക്കണമെന്ന് സിക്കന്ദര്‍ സെയ്ദ് പറഞ്ഞു.

ഇതിന് പിന്നാലെയാണ് വിചിത്രമായ നിര്‍ദേശവുമായി കോടതി രംഗത്തെത്തിയത്. 'ആണ്‍കുട്ടികള്‍ക്ക് മുമ്പ് പെണ്‍കുട്ടികള്‍ പക്വത കൈവരിക്കും. നമ്മള്‍ 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. നിങ്ങളുടെ അമ്മയോടോ മുത്തശ്ശിയോടോ ചോദിക്കൂ. അക്കാലത്ത് പരമാവധി വിവാഹപ്രായം 14-15 ആയിരുന്നു. ആദ്യത്തെ കുട്ടി 17-ാംവയസ്സില്‍ ജനിക്കും', എന്നും ജഡ്ജി പറഞ്ഞു. ഗര്‍ഭച്ഛിദ്രം പ്രധാനമെന്ന് വാദിക്കാന്‍ സിക്കന്ദര്‍ സയ്യിദ് പെണ്‍കുട്ടിയുടെ പ്രായം പരാമര്‍ശിച്ചപ്പോഴാണ് ജഡ്ജിയുടെ മറുപടി.
അതേസമയം ഗര്‍ഭസ്ഥശിശുവിനോ പെണ്‍കുട്ടിക്കോ ജീവനോ ആരോഗ്യത്തിനോ വെല്ലുവിളിയുണ്ടെങ്കില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാം എന്നും എന്നാല്‍ ഇരുവര്‍ക്കും കുഴപ്പമൊന്നുമില്ലെങ്കില്‍ അത്തരം ഉത്തരവ് പുറപ്പെടുവിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടിയെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്കോട്ടിലെ സിവില്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.
സിവില്‍ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റിനെക്കൊണ്ട് പെണ്‍കുട്ടിയുടെ മാനസികാവസ്ഥ പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ പിതാവാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഹര്‍ജി നല്‍കിയത്. ജൂണ്‍ 15 ന് കോടതി വീണ്ടും ഹരജി പരിഗണിക്കും. അന്ന് മെഡിക്കല്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് കോടതി ആവശ്യപ്പെട്ടു. ദത്ത് നല്‍കല്‍ എന്ന സാധ്യത അന്വേഷിക്കണം എന്നും അഭിഭാഷകനോട് കോടതി പറഞ്ഞു.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ടിന്റെ ഭേദഗതി ചെയ്ത സെക്ഷന്‍ 3 പ്രകാരം 24 ആഴ്ച വരെ പ്രായമായ ഗര്‍ഭമാണ് അലസിപ്പിക്കാന്‍ അനുമതിയുള്ളത്. കുഞ്ഞിന്റെ ജനനം അമ്മയുടെയും കുഞ്ഞിന്റെയും ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നതാണ്.












Click it and Unblock the Notifications