76 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു; വനിതാ ഫാഷന്‍ ഡിസൈനര്‍ ഉള്‍പ്പെടെ അറസ്റ്റില്‍
അഹമ്മദാബാദ്: പുതിയ കറന്‍സി നോട്ടുകള്‍ അനധികൃതമായി വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 76 ലക്ഷം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. പിടിച്ചെടുത്തവയെല്ലാം പുതിയ 2,000ത്തിന്റെ നോട്ടുകെട്ടുകളാണെന്ന് പോലീസ് പറഞ്ഞു.
സൂറത്തില്‍വെച്ച് മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ഹോണ്ട സിറ്റി കാര്‍ പരിശോധനയ്ക്കിടെയാണ് 3,800 പുതിയ നോട്ടുകെട്ടുകള്‍ കണ്ടെടുത്തത്. കേസ് അന്വേഷണത്തിനായി സൂറത് ഇന്‍കം ടാക്‌സ് വിഭാഗത്തിന് കൈമാറിയതായി പോലീസ് പറഞ്ഞു. സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുജറാത്ത് സ്വദേശിയായ ഗിരീഷ് പട്ടേല്‍, മഹാരാഷ്ട്രയിലെ നാസിക് സ്വദേശികളായ രാജ്കുമാര്‍ സിങ്, അരുണ്‍ കാശിനാഥ്, ഗുജറാത്ത് സ്വദേശിനിയായ ദീപ്തി പട്ടേല്‍ എന്നിവരാണ് പിടിയിലായവര്‍. പ്രൊഫഷണല്‍ ഫാഷന്‍ ഡിസൈനറാണ് പിടിയിലായ ദീപ്തി. നാസിക്കില്‍ നിന്നും പണം കൊണ്ടുവന്നശേഷം ഗുജറാത്തില്‍ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് പോലീസ് സംശയിക്കുന്നു.
രാജ്യത്തിന്റെ പല ഭാഗത്തുനിന്നും ഇത്തരത്തില്‍ വലിയതോതില്‍ പുതിയ കറന്‍സികള്‍ കഴിഞ്ഞദിവസം പിടികൂടിയിരുന്നു. ചില ബാങ്കുകളാണ് പുതിയ കറന്‍സികള്‍ അനധികൃതമായി കൈമാറുന്നത്. ഇത്തരം ബാങ്കുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ബാങ്കുകളുടെ ഒത്താശയോടെ കള്ളപ്പണം വെളുപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications