മോദിയുടെ ഗുജറാത്ത് പിടിക്കാന്‍ കെജ്രിവാള്‍ ഹര്‍ദിക് പട്ടേലിനെ ഒപ്പം കൂട്ടും?
ദില്ലി: വേണ്ടി വന്നാല്‍ മോദിയുടെ ഗുജറാത്തിലും മത്സരിക്കുമെന്ന് ടോക് ടു എകെയില്‍ കെജ്രിവാള്‍ പറഞ്ഞത് വെറുതെ അല്ല. അതിനുള്ള തന്ത്രങ്ങളും ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ മനസില്‍ കണ്ടിട്ടുണ്ട്. മോദിയുടെ തട്ടകമായ ഗുജറാത്തില്‍ ഭരണം പിടിക്കാന്‍ പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ കൂട്ടു പിടിക്കാനാണ് കെജ്രിവാളിന്റെ തന്ത്രമെന്നാണ് സൂചന.
ഹാര്‍ദ്ദിക്കിനെ കണ്ട് ചര്‍ച്ച നടത്താന്‍ പാര്‍ട്ടി നേതാക്കളായ അശുതോഷിനെയും കനുഭായ് കല്‍സാരിയെയും അഹമ്മദാബാദിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഹാര്‍ദിക് എത്താന്‍ രാത്രി വൈകിയതോടെ കൂടിക്കാഴ്ച നടന്നിരുന്നില്ല.

ഗുജറാത്തില്‍ ബിജെപിയില്‍ അസ്വാരങ്ങളും പടലപിണക്കങ്ങളും രൂക്ഷമാണ്. ഈ അവസരം മുതലാക്കി ഗുജറാത്ത് പിടിക്കാനാണ് കെജ്രിവാള്‍ തന്ത്രം മെനയുന്നത്. തങ്ങളുടെ പ്രത്യയശാസ്ത്രം സ്വീകരിക്കുന്നുവെങ്കില്‍ ഹര്‍ദിക്കിനും എഎപിയിലേക്ക് സ്വാഗതമെന്ന് കല്‍സാരിയ പറഞ്ഞിരുന്നു.
ഗുജറാത്തില്‍ പതിനെട്ട് ശതമാനം പട്ടേലുകളാണ്. ബിജെപിയുടെ പ്രധാന വോട്ട് ബാങ്കും ഇവരാണ്. പട്ടേലുകളുടെ പിന്തുണ ലഭിച്ചാല്‍ തരംഗമുണ്ടാക്കി ഗുജറാത്തില്‍ ഭരണം നേടാനാകുമെന്ന പ്രതീക്ഷയാണ് ആം ആദ്മി കേന്ദ്രങ്ങള്‍ക്കുള്ളത്. സംഘടനാ പരമായി ദുര്‍ബലമാണെങ്കിലും കോണ്‍ഗ്രസിന് ശക്തമായ വോട്ട് ബാങ്ക് ഗുജറാത്തിലുണ്ട്. കോണ്‍ഗ്രസുമായി ധാരണയോടെ മത്സരിച്ചാലും അത് ബിജെപിക്ക് തലവേദനയാകും.
പട്ടേല്‍ പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട നളിന്‍ കോട്ടാഡിയുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പട്ടേല്‍ പ്രക്‌ഷോഭ നേതാക്കളെ എഎപിയില്‍ അണി നിരത്താന്‍ കെജ്രിവാള്‍ ആവശ്യപ്പെട്ടുവെന്നാണ് സൂചനകള്‍. അടുത്ത വര്‍ഷം നിമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് ഹാര്‍ദിക് പട്ടേലും സൂചിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസും എന്‍സിപിയും ഹാര്‍ദിക്കിനെ ചുറ്റി നില്‍ക്കുകയാണ്. ഏത് പാര്‍ട്ടിക്കൊപ്പം ചേരുമെന്ന് ഹാര്‍ദിക് മനസ് തുറന്നിട്ടില്ല.












Click it and Unblock the Notifications