ഒരു സഹോദരിയെ ഇന്ന് നഷ്ടപ്പെട്ടു: സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ച് ഗുലാം നബി ആസാദ്
ദില്ലി: അന്തരിച്ച മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. സുഷമാ സ്വരാജിന്റെ മരണത്തില്‍ നടുക്കം രേഖപ്പെടുത്തിയ ഗുലാം നബി ആസാദ് നഷ്ടമായത് ഒരു സഹോദരിയെയാണെന്ന് പ്രതികരിച്ചു.
മുഖ്യമന്ത്രിമാർ അല്ലാഞ്ഞിട്ടും സുഖവാസം! 370 റദ്ദായതോടെ ഒമറിനും മെഹബൂബയ്ക്കും കിടപ്പാടം പോകും!
''ഞാന്‍ ഞെട്ടലിലാണ്. ഇത്രയും ചെറിയ പ്രായത്തില്‍ അവര്‍ നമ്മളെ വിട്ടുപോകുമെന്ന് പ്രതീക്ഷിച്ചതേ ഇല്ല. രാഷ്ട്രീയം മാറ്റി വെക്കട്ടെ, എനിക്ക് ഇന്ന് നഷ്ടമായത് ഒരു സഹോദരിയെയാണ്. ഞങ്ങള്‍ ഇതുവരെ പരസ്പരം പേരെടുത്ത് വിളിച്ചിട്ടില്ല. എപ്പോഴെല്ലാം ഞങ്ങള്‍ കണ്ടുമുട്ടുമ്പോഴും പരസ്പരം സഹോദരി സഹോദരന് എന്നാണ് വിളിക്കാറ്. അവര്‍ എപ്പോഴും സഹോദരാ സുഖമാണോ എന്ന് ചോദിക്കും, അതേ പോലെ ഞാന്‍ തിരിച്ച് സഹോദരി സുഖമല്ലേ എന്ന് ചോദിക്കും. അവരെ എന്നും ഓര്‍മിക്കും'' ഗുലാം നബി ആസാദ് പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് മുന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അന്തരിച്ചത്. 67ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ദില്ലി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുറച്ച് നാളായി ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാലാണ് സുഷമ സ്വരാജ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ വിദേശകാര്യ മന്ത്രി എന്ന നിലയില്‍ സുഷമ സ്വരാജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു. 2016ല്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്. മൂന്ന് തവണ രാജ്യസഭയിലേക്കും നാലു തവണ ലോക്സഭയിലേക്കും സുഷമ സ്വരാജ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.