പീഡകരുടെയും പൂവാലന്മാരുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പ്രചരിപ്പിക്കും
ഗുഡ്ഗാവ്: വര്‍ധിച്ചുവരുന്ന പൂവാല ശല്യത്തിന് അറുതിവരുത്താന്‍ ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കാന്‍ പോലീസ് ആലോചിക്കുന്നു. ഗുഡ്ഗാവ് പോലീസ് ആണ് പുതിയ നീക്കത്തിന് പിന്നില്‍. പീഡകരെയും പൂവാലന്മാരെയും കുടുക്കാനായി ഓപ്പറേഷന്‍ റോമിയോ എന്ന പേരില്‍ പോലീസ് കാമ്പയിന്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് ചിത്രം പ്രചരിപ്പിക്കലും.
സോഷ്യല്‍ മീഡിയവഴി ചിത്രം പ്രചരിപ്പിക്കുന്നത് പൂവാലന്മാര്‍ക്ക് നാണക്കേടാണെന്നും ഇത്തരമൊരു നീക്കമുണ്ടായാല്‍ മിക്കവരും തങ്ങളുടെ ആക്ടിവിറ്റിയില്‍ നിന്നും പിന്മാറുമെന്നും പോലീസ് കരുതുന്നു. ഫേസ്ബുക്ക് ട്വിറ്റര്‍ വാട്‌സ്ആപ്പ് വഴിയാകും ചിത്രങ്ങള്‍ പ്രചരിപ്പിക്കുക. തങ്ങളുടെ ചിത്രങ്ങള്‍ മോശം രീതിയില്‍ പ്രചരിപ്പിക്കപ്പെടുന്നത് ആരും ഇഷ്ടപ്പെടില്ലെന്ന് പോലീസ് പറയുന്നു.

കുറ്റവാളികളെയും കുറ്റം ചെയ്യാന്‍ തയ്യാറെടുക്കുന്നവരെയും മാനസികമായി തകര്‍ക്കുകയെന്നതാണ് പോലീസ് പരിപാടിയുടെ ലക്ഷ്യം. ഇതുവഴി കുറ്റകൃത്യത്തിന്റെ അളവ് വലിയൊരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്നും പോലീസ് കരുതുന്നു. പൂവാലന്മാരും പീഡകരും കൂടുതലും ചെറുപ്പക്കാരായതും സോഷ്യല്‍ മീഡിയ പ്രചരണത്തിന് പോലീസിന് പ്രേരണയായി.
പരിപാടി എന്നുമുതല്‍ തുടങ്ങുമെന്ന് വ്യക്തമല്ല. കോളേജ് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വഴിനടക്കാന്‍ പോലും കഴിയാത്തവിധമാണ് പൂവാലശല്യമെന്ന് പറയുന്നു. ഓപ്പറേഷന്‍ റോമിയോയുടെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക പോലീസ് ഉദ്യോഗസ്ഥര്‍ മഫ്റ്റിയിലും മറ്റും നിന്നാണ് ഇവരെ പിടികൂടുന്നത്.












Click it and Unblock the Notifications