എസ്ബിഐ ബൂത്തില്‍ കടന്നുകയറിയ മോഷ്ടാക്കളെ യുവതികള്‍ കീഴ്‌പ്പെടുത്തി; സിസിടിവി പുറത്ത്
ഗുഡ്ഗാവ്: എസ്ബിഐയുടെ ബൂത്തില്‍ കടന്നുകയറി മോഷണം നടത്താന്‍ ശ്രമിച്ച രണ്ടുപേരെ ബൂത്തിനുള്ളിലുണ്ടായിരുന്ന യുവതികള്‍ കീഴ്‌പ്പെടുത്തി. ഗുഡ്ഗാവിലെ ബാദ്ഷാപൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. തോക്ക്ചൂണ്ടിയെത്തിയ യുവാക്കളെ യുവതികള്‍ ചേര്‍ന്ന് തടയുകയും പ്രദേശവാസികള്‍ ഓടിയെത്തി പിടികൂടി മര്‍ദ്ദിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ബൂത്തിലേക്ക് ഓടിക്കയറിയ യുവാക്കള്‍ സ്ത്രീകളെ അടിച്ചുവീഴ്ത്തി മേശവലിപ്പ് തുറന്ന് പണവുമായി രക്ഷപ്പെടാനായിരുന്നു പദ്ധതി. എന്നാല്‍ സ്ത്രീകള്‍ ചെറുത്തുനിന്നതോടെ ഇവരുടെ ശ്രമം വിഫലമായി. സമീപവാസികള്‍ ഉടന്‍ ഓടിയെത്തുകകൂടി ചെയ്തതോടെ ഇരുവരും കുടുങ്ങുകയായിരുന്നു. ഉടന്‍ പോലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തു.

ഭിവാനിയിലെ ദീപക്, മോഹിത് എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടാക്കളെ കുടുക്കിയ യുവതികള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പോലീസ് അറിയിച്ചു. തോക്കിന്‍മുനയിലും മോഷ്ടാക്കളോട് ചെറുത്ത ഇവര്‍ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ വിളിച്ച് അഭിനന്ദിച്ചു. ഗ്രാമവാസികളും പ്രത്യേക യോഗം വിളിച്ചുചേര്‍ത്ത് സ്ത്രീകളുടെ കരുത്തിനെ അഭിനന്ദിക്കാന്‍ മടിച്ചില്ല.












Click it and Unblock the Notifications