ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് കാരണം അയാള്‍: ആഞ്ഞടിച്ച് കർഷക നേതാവ്
ഛണ്ഡീഗഡ്: അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ക്ക് നടുവിലായിരുന്നു കോണ്‍ഗ്രസ് ഇത്തവണ ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടന്നത്. പത്ത് വർഷമായി അധികാരത്തിലിരിക്കുന്ന ബി ജെ പി സർക്കാറിനെതിരെ കർഷകരുടെ ഉള്‍പ്പെടെ രോക്ഷം ശക്തമായിരുന്നു. കർഷക സമരം തന്നെയായിരുന്നു കോണ്‍ഗ്രസ് പ്രധാന അനുകൂല ഘടകമായി കണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോഴാണ് ഇതൊന്നും കോണ്‍ഗ്രസിനെ സഹായിച്ചില്ലെന്ന് വ്യക്തമായത്. ഇപ്പോഴിതാ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരിച്ചുകൊണ്ട് കർഷക സംഘടനകളുടെ നേതാവും രംഗത്ത് വന്നിരിക്കുകയാണ്.
കർഷകർ ഹരിയാനയില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചെങ്കിലുംഅത് വിജയമാക്കി മാറ്റുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നാണ് ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു) മേധാവി ഗുർനാം സിംഗ് ചാരുണി അഭിപ്രായപ്പെടുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിങ് ഹൂഡയ്ക്കുമെതിരെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമർശനം ഉന്നയിക്കുകയും ചെയ്തു.

'ആരുമായും വിട്ടുവീഴ്ച ചെയ്യാത്ത നിലപാട് സ്വീകരിച്ച് കോൺഗ്രസിൻ്റെ തോൽവിക്ക് ഏറ്റവും വലിയ കാരണമായി മാറിയത് ഭൂപീന്ദർ സിങ് ഹൂഡയാണ്. പാർട്ടി എല്ലാ ഉത്തരവാദിത്തവും അദ്ദേഹത്തിനാണ് നല്‍കിയത്. സംസ്ഥാനത്ത് കോൺഗ്രസിൻ്റെ പരാജയത്തിന് പിന്നിലെ ഏക കാരണം മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയാണെന്നെന്നും സംയുക്ത് സംഘർഷ് പാർട്ടിയുടെ സ്ഥാപകൻ കൂടിയായ ചാരുണി പറഞ്ഞു. വാർത്ത ഏജന്‍സിയായ ഐ എ എൻ എസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്നതിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത് സഖ്യ ചർച്ചകളില്‍ വിട്ടുവീഴ്ച ചെയ്യണം എന്നായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അതോടൊപ്പം തന്നെ ഹൂഡയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരുത്തരുതെന്നും ചാരുണി അഭിപ്രായപ്പെട്ടു. ഹൂഡയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് കൊണ്ടുവരരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് നിർദ്ദേശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പരാതിയുമായി കോണ്‍ഗ്രസ്
അതേസമയം, ഹരിയാന തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണം കൂടുതല്‍ ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. 13 മണ്ഡലങ്ങളിലെ വോട്ടെണ്ണലില്‍ ക്രമക്കേട് നടന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച പുതിയ പരാതിയില്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. കോണ്‍ഗ്രസ് പരാതി ഉന്നയിച്ച 13 സീറ്റുകളില്‍ 12 എണ്ണം ബി ജെ പിയും ഒരെണ്ണത്തില്‍ ഐ എൻ എല്‍ ഡിയുമാണ് വിജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഇത്തരം ആരോപണങ്ങളെ തള്ളി ബി ജെ പി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.












Click it and Unblock the Notifications