ഗ്യാൻവാപി;സർവേ വീഡിയോകൾ ഹർജിക്കാർക്ക് നൽകി..പരസ്യമാക്കരുതെന്ന് കോടതി,പിന്നാലെ ചോർന്നു
ദില്ലി; ഗ്യാൻവാപി മസ്ജിദിനെ കുറിച്ചുള്ള സർവേ വീഡിയോകൾ ചോർന്നു. അനുമതിയില്ലാതെ സർവ്വേ വിവരങ്ങളുടെ വീഡിയോ പരസ്യമാക്കാൻ പാടില്ലെന്ന് വ്യക്തമാക്കി ഹർജിക്കാർക്ക് കഴിഞ്ഞ ദിവസം വീഡിയോകൾ കോടതി നൽകിയിരുന്നു. എന്നാൽ തൊട്ട് പിന്നാലെ ഇവ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ പുറത്തുവരികയായിരുന്നു.

സർവ്വേ റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് കൊണ്ട് ഗ്യാൻവാപി കേസിൽ പരാതി നൽകിയ 5 സ്ത്രീകൾ കോടതിയെ സമീപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാന്തതിൽ റിപ്പോർട്ടുകളുടെ പകർപ്പ് കോടതി നിർദ്ദേശം പ്രകാരം കക്ഷികൾക്ക് നൽകുകയായിരുന്നു. സീൽ ചെയ്ത കവറിലായിരുന്നു ഇവ നൽകിയത്. വീഡിയോകൾ പരസ്യമാക്കില്ലെന്ന സത്യവാങ്മൂലം സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാൽ ഇത് ലഭിച്ച തൊട്ട് പിന്നാലെ തന്നെ വീഡിയോകളും ചിത്രങ്ങളും ചോരുകയും സർവേ വീഡിയോകൾ വൈറലാവുകയും ചെയ്തു. മാധ്യമങ്ങളും ഇത് പുറത്ത് വിട്ടിരുന്നു.
എന്നാൽ കവറുകൾ സീൽ ചെയ്ത നിലയിൽ തന്നെയാണെന്നും എങ്ങനെയാണ് വീഡിയോകൾ പുറത്തായതെന്ന് അറിയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ അഭിഭാഷകരുടെ വാദം. വീഡികോളും വിവരങ്ങളും ഉൾപ്പെടുന്ന സിഡി ചൊവ്വാഴ്ച തന്നെ കോടതിയിൽ തിരികെ ഏൽപ്പിക്കുമെന്നും ഹർജിക്കാരുടെ അഭിഭാഷകർ അറിയിച്ചു.
എന്നാൽ വീഡിയോ പുറത്തുവിട്ടതിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ പ്രതികരണം. രണ്ടുദിവസമായി തുടർച്ചയായി വാദപ്രതിവാദങ്ങൾ നടത്തിയതോടെ ഹർജിക്കാർ വെട്ടിലായിരിക്കുകയാണ്. ഇപ്പോഴിതാ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ വീഡിയോ വൈറലായിരിക്കുകയാണ്. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്, മസ്ജിദ് കമ്മിറ്റി അഭിഭാഷകൻ പറഞ്ഞു. അതേസമയം കേസ് പരിഗണിക്കവെ ഹിന്ദു ഹർജിക്കാരുടെ വാദങ്ങൾ ഇന്നലെയും മസ്ജിദ് കമ്മിറ്റി എതിർത്തു. സർവ്വേയുടെ ചിത്രങ്ങളും വീഡിയോകളും പരസ്യപ്പെടുത്താൻ അനുവദിക്കരുതെന്നും ഇവർ ആവശ്യം ഉന്നയിച്ചിരുന്നു.
അതിനിടെ കേസിൽ വാദം കേൾക്കുന്നത് ജുലൈ നാലിലേക്ക് കോടതി മാറ്റി. കേസിൽ വാദം കേൾക്കാൻ വാരണാസി കോടതിക്ക് അധികാരമുണ്ടോയെന്നത് സംബന്ധിച്ചുള്ള ഹർജിയും കോടതി അന്നേ ദിവസം പരിഗണിക്കും. ഹിന്ദു സ്ത്രീകളുടെ അപേക്ഷ കേൾക്കാൻ കോടതിക്ക് അധികാരമില്ലെന്ന് 1991 ലെ ആരാധനാലയ സംരക്ഷണ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു മസ്ജിദ് കമ്മിറ്റി വാദിച്ചത്. ശിവലംഗം കണ്ടെത്തിയെന്നുള്ള അഭ്യൂഹം പ്രചരിപ്പിക്കുകയാണെന്നും മസ്ജിദ് കമ്മിറ്റി പരാതിപ്പെട്ടിരുന്നു. അതേസമയം പള്ളിയുടെ പടിഞ്ഞാറുഭാഗത്തെ മതിലിനോടു ചേർന്നു ശൃംഗർ ഗൗരി ക്ഷേത്രത്തിൽ നിത്യാരാധന അനുവദിക്കണമെന്ന ഹർജി ജുലൈ എട്ടിന് അതിവേഗ കോടതിയിൽ വാദം കേൾക്കും.












Click it and Unblock the Notifications