എച്ച്-1ബി വിസ, 50 % താരിഫ്; ഇനിയും ഒന്നും പറയാനില്ലേ; ഇന്ത്യന്‍-അമേരിക്കന്‍ വംശജരോട് ശശി തരൂര്‍
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കു മേല്‍ അമേരിക്ക നടപ്പാക്കുന്ന ഏകപക്ഷീയമായ നയങ്ങളില്‍ യുഎസിലെ ഇന്ത്യന്‍ വംശജര്‍ പുലര്‍ത്തുന്ന മൗനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍. യുഎസില്‍ നിന്ന് ഇന്ത്യയിലെത്തിയ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി സംവദിക്കവേയാണ് അദ്ദേഹം അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.
ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങളില്‍ എന്തുകൊണ്ടാണ് പ്രവാസികള്‍ ഇത്ര നിശബ്ദത പാലിക്കുന്നതെന്നും ശശി തരൂര്‍ എംപി ചോദിച്ചു. രാജ്യതലസ്ഥാനത്താണ് അഞ്ച് അംഗ യുഎസ് കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി ശശി തരൂര്‍ അടങ്ങുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി കൂടിക്കാഴ്ച്ച നടത്തിയത്.

എച്ച്-1ബി വിസ ഫീസ് വര്‍ധന, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കു മേലുള്ള 50 ശതമാനം തീരുവ എന്നങ്ങനെ സമീപകാലത്ത് ഇന്ത്യ-യുഎസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി നടപടികളാണ് ട്രംപ് ഭരണകൂടം സ്വീകരിച്ചത്. ഈ വിഷയങ്ങളില്‍ ഇന്ത്യയ്ക്കു വേണ്ടി സംസാരിക്കണമെന്ന് ശശി തരൂര്‍ ഇന്ത്യന്‍-അമേരിക്കന്‍ പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു. മാതൃരാജ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ശ്രദ്ധയുണ്ടെങ്കില്‍ ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ എല്ലാവരും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളാണ്. ട്രംപ് ഭരണകൂടത്തിന്റെ നയത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെട്ട് ഒരു ഇന്ത്യന്‍-അമേരിക്കന്‍ വോട്ടറുടെ പോലും ഫോണ്‍ കോള്‍ തന്റെ ഓഫീസിലേക്ക് വന്നിട്ടില്ലെന്ന് ഒരു യുഎസ് കോണ്‍ഗ്രസ് അംഗം വെളിപ്പെടുത്തി. ഇതിനു പിന്നാലെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഈ മൗനം അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് തരൂര്‍ പറഞ്ഞു.
ഇന്ത്യയില്‍ എത്തിയ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ നാല് പേര്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ വംശജനായ കോണ്‍ഗ്രസ് അംഗം അമി ബെരയുടെ നേതൃത്വത്തിലാണ് സംഘം ഇന്ത്യലെത്തിയത്. ഇന്ത്യന്‍ പ്രവാസികള്‍ യുഎസിന്റെ സമ്പദ് ഘടനയ്ക്ക് നല്‍കുന്ന സംഭാവനകളെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യയോട് വലിയ താല്‍പ്പര്യം പ്രകടിപ്പിച്ച സംഘാംഗങ്ങള്‍ ഇന്ത്യ-യുഎസ് പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തതായി തരൂര്‍ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.












Click it and Unblock the Notifications