എച്ച്-1ബി ഫീസ് വര്‍ധനയ്‌ക്കൊപ്പം ഇരുട്ടടിയായി ഷട്ട്ഡൗണും; ഇത് ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
വാഷിങ്ടണ്‍: അമേരിക്കയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചതോടെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് ആശങ്കയില്‍ ആയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ടിനുള്ള ധന ബില്‍ കോണ്‍ഗ്രസില്‍ പാസാകാതെ വന്നതോടെ ട്രംപ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായത്.
ഇതോടെ പല ഫെഡറല്‍ ഏജന്‍സികളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ശമ്പളമില്ലാതെ കടുത്ത മാനസിക സമ്മര്‍ദത്തിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍ തന്നെ അടിയന്തര സേവനങ്ങള്‍ പോലും മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.
ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ തൊഴില്‍ വകുപ്പിനുള്ള ധനസഹായത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇത് എച്ച്-1ബി വിസകളുടെയും ഗ്രീന്‍ കാര്‍ഡുകളുടെയും പ്രോസസിങ്ങിനെയും ബാധിക്കും. ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് ഇതുമൂലം വെട്ടിലായിരിക്കുന്നത്. ഇവരുടെയെല്ലാം എച്ച്-1ബി വിസകളുടെയും ഗ്രീന്‍കാര്‍ഡുകളുടെയും തുടര്‍ നടപടികള്‍ അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. പുതിയ അപേക്ഷകരെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം യുഎസ് ഷട്ട്ഡൗണ്‍ കാരണം ഏറ്റവും വലിയ തിരിച്ചടി ലഭിക്കുന്നത് തൊഴില്‍ വകുപ്പില്‍ നിന്നായിരിക്കും. എച്ച്-1ബി വിസ അപേക്ഷയ്ക്കുള്ള ഫീസ് ട്രംപ് ഭരണകൂടം 88 ലക്ഷം രൂപയായി ഉയര്‍ത്തിയത് തന്നെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു അതിനൊപ്പമാണ് ഇപ്പോള്‍ ഇരുട്ടടിയായി ഷട്ട്ഡൗണ്‍ കൂടി ആരംഭിച്ചത്. അമേരിക്കയിലേക്ക് പോകാനിരുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളെ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആക്കുന്നതാണ് ഈ രണ്ടു നടപടികളും.
ഒരു കമ്പനിക്ക് എച്ച്-1ബി വിസ സ്‌പോണ്‍സര്‍ ചെയ്യുന്നതിന് മുമ്പ് യുഎസ് തൊഴില്‍ വകുപ്പില്‍ ഒരു ലേബര്‍ കണ്ടീഷന്‍ അപേക്ഷ ഫയല്‍ ചെയ്യേണ്ടതുണ്ട്. കേസ് ഇമിഗ്രേഷന്‍ അധികാരികള്‍ക്ക് കൈമാറുന്നതിന് ഈ അപേക്ഷയുടെ അംഗീകാരം അനിവാര്യമാണ്. തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ ആവശ്യമായ ജഋഞങ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതും തൊഴില്‍ വകുപ്പാണ്.
തൊഴില്‍ വകുപ്പിനുള്ള ധനസഹായം താല്‍ക്കാലികമായി നിര്‍ത്തിവച്ചതോടെ ഈ പ്രവര്‍ത്തനങ്ങളെല്ലാം നിലയ്ക്കും. ഒക്ടോബര്‍ ഒന്നിന് മുമ്പ് ലേബര്‍ കണ്ടീഷന്‍ അപേക്ഷ അംഗീകരിക്കാത്തവരെയാണ് ഇത് പ്രധാനമായും ബാധിക്കുക. അതായത്, ലേബര്‍ കണ്ടീഷന്‍ അപേക്ഷയ്ക്ക് തൊഴില്‍ വകുപ്പില്‍ നിന്ന് അംഗീകാരം കിട്ടിയില്ലെങ്കില്‍ ആര്‍ക്കും പുതിയ എച്ച്-1ബി വിസ നേടാന്‍ കഴിയില്ല.
എച്ച്-1ബി വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇന്ത്യന്‍ പ്രൊഫഷണലുകളാണ്. രണ്ടാമത് ചൈനക്കാരാണ്. ഒക്ടോബര്‍ ഒന്നിന് പുലര്‍ച്ചെ 12:01 മുതലാണ് യുഎസ് ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ആരംഭിച്ചത്. ഇത് എന്നു തീരുമെന്ന് ഇപ്പോഴും വ്യക്തമല്ല. രാജ്യത്ത് അവസാനമായി ഷട്ട്ഡൗണ്‍ ഉണ്ടായത് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഭരണകാലത്തായിരുന്നു. ഇത് 35 ദിവസം നീണ്ടുനിന്നിരുന്നു.












Click it and Unblock the Notifications