ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആദ്യം; പാക് ഹിന്ദു പിന്നെ
ദില്ലി: ഇന്ത്യയിലെ മുസ്ലിങ്ങളെക്കുറിച്ച് ആദ്യം വേവലാതിപ്പെടൂ, പിന്നെയാകാം പാകിസ്താനിലെ ഹിന്ദുക്കളെ കുറിച്ച് എന്ന് ബി ജെ പി നേതാവ് നരേന്ദ്ര മോദിക്ക് ഉപദേശം. ജമാ അത്ത് ഉദ് ദവ നേതാവ് ഹാഫീസ് സയീദാണ് മോദിക്ക് ഈ ഉപദേശം നല്‍കിയത്. നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തോയിബയുടെ മുൻ നേതാവാണ് സയീദ്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെയായിരുന്നു സയീദിന്റെ ഉപദേശം.
പാകിസ്താനിലെ ഹിന്ദുക്കളെ കുറിച്ച് വേവലാതിപ്പെടുന്നതിന് മുമ്പായി ഇന്ത്യയിലെ മുസ്ലിങ്ങളുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനാണ് നരേന്ദ്ര മോദി ശ്രമിക്കേണ്ടത്. പാകിസ്താനിലെ ഹിന്ദുക്കള്‍ സുരക്ഷിതരാണ് - ഹാഫീസ് സയീദ് ട്വിറ്ററില്‍ കുറിച്ചു. തന്റെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ മോദി പാകിസ്താനെ അധികം പരാമര്‍ശിക്കാറില്ല.

മോദിയെ എതിര്‍ക്കുന്നവരെ പാകിസ്താനിലേക്ക് നാടുകടത്തണമെന്ന ബി ജെ പി സ്ഥാനാര്‍ഥിയുടെ പ്രസ്താവനയെ തുടര്‍ന്നാണ് ഹാഫീസ് സയീദ് ഈ ട്വീറ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വെച്ചാണ് ബി ജെ പി നേതാവ് ഗിരിരാജ് സിംഗ് ഈ വിവാദ പ്രസ്താവന നടത്തിയത്. ആറ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ബിഹാറില്‍ ഏപ്രില്‍ 30 നാണ് അടുത്ത പോളിംഗ്.
നേരത്തെ, പാകിസ്താനിലെ ഹിന്ദുക്കള്‍ സുരക്ഷിതരല്ല എന്നും സ്വത്തും ക്ഷേത്രങ്ങളും ഉപേക്ഷിച്ച് അവരില്‍ പലര്‍ക്കും ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവരുന്നു എന്നും മോദി പ്രസ്താവിച്ചിരുന്നു. ഇന്ത്യയിലേക്ക് രക്ഷപ്പെട്ടുവന്ന ഇവരില്‍ പലരും ഇനി തിരിച്ചുപോകണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണത്രേ.












Click it and Unblock the Notifications