ശബരിമല കയറുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്ക് മുസ്ലീം സംഘടനയുടെ ഭീഷണി
മുംബൈ: സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളിലും പള്ളികളിലും ലിംഗസമത്വം ഉറപ്പാക്കാന്‍ പോരാടുന്ന തൃപ്തി ദേശായിക്ക് മുസ്ലീം സംഘടനയുടെ ഭീഷണി. AIMIM നേതാവ് ഹാജി റാഫത് ഹുസൈന്‍ ആണ് ദേശായിക്കെതിരെ ഭീഷണിയുമായി രംഗത്തിറങ്ങിയത്. ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിക്കുമെന്ന് അറിയിച്ചിരുന്നു.
എന്നാല്‍, ഇത്തരമൊരു ശ്രമം നടത്തിയാല്‍ മുസ്ലീം വിശ്വാസികള്‍ നോക്കിയിരിക്കില്ലെന്നാണ് ഹാജി റാഫതിന്റെ ഭീഷണി. സ്ഥലത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ദേശായിയുടെ ശ്രമം. ഹിന്ദു ക്ഷേത്രങ്ങളില്‍ അവര്‍ കയറുന്നതില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍, മുസ്ലീം വിശ്വാസത്തെ ഹനിക്കാന്‍ ഒരുങ്ങിയാല്‍ വിശ്വാസികള്‍ സഹിഷ്ണുതയോടെ നോക്കിയിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ദേശായിയുടെ നേതൃത്വത്തിലുള്ള സംഘടന ഏപ്രില്‍ 28 ഹാജി ദര്‍ഗയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിരുന്നു. ഇത് ഏതുവിധേനയും തടയുമെന്നാണ് ഹാജി റാഫത്തിന്റെ ഭീഷണി. മുംബൈ പോലീസ് ഇക്കാര്യത്തില്‍ ഇടപെടണമെന്നും റാഫത് പറഞ്ഞു.
ഹാജി ദര്‍ഗയിലെ വിശ്വാസത്തിന്റെ കാര്യത്തില്‍ ബോളിവുഡ് നടന്മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ അഭിപ്രായം പറയണമെന്ന് തൃപ്തി ദേശായി വ്യക്തമാക്കി. ഇവര്‍ തന്റെ പോരാട്ടത്തിന് പിന്തുണ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു. 41 ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പ്രവേശിക്കുമെന്നും ദേശായി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications