ഹജ്ജ് അപേക്ഷ സമര്‍പ്പിക്കേണ്ട തിയ്യതി നീട്ടി; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് 360000 രൂപ
മുംബൈ: അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 10ലേക്ക് നീട്ടി. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രഖ്യാപിച്ചതിനേക്കാള്‍ ചെലവ് കുറയാനാണ് സാധ്യത. അടുത്ത വര്‍ഷം ജൂണ്‍-ജൂലൈ മാസത്തിലാണ് ഹജ്ജ് തീര്‍ഥാടനം. കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് സൗദി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഹജ്ജ് മാനദണ്ഡങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്.

ഡിസംബര്‍ 10 വരെ ഹജ്ജ് അപേക്ഷ സമര്‍പ്പിക്കാമെന്നാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒരു മാസം കൂടി അവസരം നല്‍കുകയാണെന്ന് ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം മന്ത്രി നഖ്‌വി പുറത്തിക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതുവരെ 40000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. മെഹ്‌റത്തിന്റെ സഹായമില്ലാതെ ഹജ്ജിന് പോകുന്ന സ്ത്രീകളും ഇതില്‍പ്പെടും. മെഹ്‌റം ഇല്ലാതെ പോകുന്ന വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം 2020 സ്ത്രീകളാണ് അപേക്ഷിച്ചിരുന്നത്. എല്ലാവര്‍ക്കും അവസരം ലഭിച്ചിരുന്നില്ല. ബാക്കിയുള്ളവര്‍ ഈ വര്‍ഷം ഹജ്ജിന് പോയേക്കും. മെഹ്‌റം ഇല്ലാതെ ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും അവസരം നല്‍കുമെന്നാണ് സൂചന.
ഓണ്‍ലൈനായും നേരിട്ടും അപേക്ഷ സമര്‍പ്പിക്കാം. എംബാര്‍ക്കേഷന്‍ പോയന്റ് അടിസ്ഥാനമാക്കി ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ചെലവില്‍ വ്യത്യാസമുണ്ടാകും. കൊച്ചിയില്‍ നിന്ന് ഹജ്ജിന് പുറപ്പെടുന്നവര്‍ക്കുള്ള ചെലവ് 360000 രൂപയാണ് കണക്കാക്കിയിരിക്കുന്നത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് തുക വ്യത്യാസമുണ്ടാകും. ഏറ്റവും കൂടുതല്‍ തുക അസമിലെ ഗുവാഹത്തിയില്‍ നിന്നാണ്. നാല് ലക്ഷം രൂപയാണ് ഇവിടെ നിന്നുള്ള ഹാജിമാര്‍ക്ക് ചെലവ് വരിക.
ഓരോ തീര്‍ഥാടകനും യാത്ര പുറപ്പെടുന്നതിന്റെ 72 മണിക്കൂര്‍ മുമ്പ് കൊറോണ പരിശോധന നടത്തണം. 18നും 65നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് ഇത്തവണ ഹജ്ജിന് അവസരമുള്ളത്. രാജ്യത്ത് 21 ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങളാണുള്ളത്. ഇത് പത്താക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍ കുറയ്ക്കണമെന്ന് എയര്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു, അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ദില്ലി, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവയാണ് ഇത്തവണ എംബാര്‍ക്കേഷന്‍ കേന്ദ്രങ്ങള്‍.












Click it and Unblock the Notifications