ഹന്ദ്വാര പീഡനം; ജവാനെതിരെ വീണ്ടും പെണ്‍കുട്ടിയുടെ മൊഴി
ശ്രീനഗര്‍: ജവാനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് തിരുത്തിയ പതിനാറുകാരി പെണ്‍കുട്ടി വീണ്ടും മൊഴിമാറ്റുന്നു. നേരത്തെ പോലീസ് നിര്‍ബന്ധിച്ചതുമൂലമാണ് ജവാന് അനുകൂലമായ മൊഴി നല്‍കിയതെന്ന് പെണ്‍കുട്ടി തിങ്കളാഴ്ച വ്യക്തമാക്കി. ജവാനെതിരെയും ഹന്ദ്വാര പോലീസ് സൂപ്രണ്ടിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ ആവശ്യപ്പെട്ടത്.
ഏപ്രില്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടി സ്‌കൂള്‍ വിട്ടുവരുന്ന വഴി ജവാന്‍ ടോയ്‌ലറ്റില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നായിരുന്നു ആദ്യത്തെ ആരോപണം. സംഭവം പ്രദേശവാസികള്‍ അറിഞ്ഞതോടെ വന്‍ പ്രതിഷേധവും അരങ്ങേറി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 5 പേര്‍ മരിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ പെണ്‍കുട്ടി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിനല്‍കി. തന്നെ ജവാന്‍ പീഡിപ്പിച്ചിട്ടില്ലെന്നും സ്‌കൂള്‍ യൂണിഫോമിലെത്തിയ രണ്ടു വിദ്യാര്‍ഥികളാണ് പീഡിപ്പിച്ചതെന്നുമായിരുന്നു മൊഴി. ഇതോടെ സംഭവത്തിനെതിരായ പ്രതിഷേധം അവസാനിക്കുകയും ചെയ്തു. ഇതിനുശേഷം തിങ്കളാഴ്ചയാണ് പെണ്‍കുട്ടി ആദ്യം നല്‍കിയ മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നതായി അറിയിച്ചത്.
പോലീസ് നിര്‍ബന്ധത്തെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ തെറ്റായ മൊഴി നല്‍കിയതെന്നാണ് പെണ്‍കുട്ടി ഇപ്പോള്‍ പറയുന്നത്. തനിക്കെതിരെ പീഡനം നടത്തിയ ആര്‍മി ജവാനെതിരെ തീര്‍ച്ചയായും നടപടിയുണ്ടാകണമെന്ന് പെണ്‍കുട്ടി നല്‍കിയ കത്തില്‍ പറയുന്നു. തന്നെ സമ്മര്‍ദ്ദത്തിലാക്കി മൊഴി നല്‍കിയ പോലീസ് സൂപ്രണ്ടിനെതിരെയും നടപടിവേണമെന്നാണ് പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ ആവശ്യം.












Click it and Unblock the Notifications