പ്രതീക്ഷയുടെയും പ്രത്യാശയുടെയും ഈസ്റ്റര്‍ ദിനം: അറിയാം ആഘോഷങ്ങളും ചടങ്ങുകളും
ക്രിസ്തു ദേവന്റെ പുനരുത്ഥാനത്തിന്റെ ഓര്‍മ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റര്‍ അഥവാ ഉയിര്‍പ്പ് തിരുനാള്‍. ദുഖവെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റര്‍ ദിനമായി ആചരിക്കുന്നത്. ക്രിസ്തുമത വിശ്വാസികള്‍ ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താല്‍ക്കാലികം ആണെന്നും ഭൂരിപക്ഷത്തോടൊപ്പം വളഞ്ഞവഴികള്‍ തേടാതെ കഷ്ടങ്ങള്‍ സഹിച്ചും സത്യത്തിനു വേണ്ടി നില നില്‍ക്കണം എന്നും ആണ് ഈസ്റ്റര്‍ നല്‍കുന്ന രണ്ടു സുപ്രധാന പാഠങ്ങള്‍.
എല്ലാ ദേവാലയങ്ങളില്‍ ശനിയാഴ്ച സുര്യനസ്തമിക്കുന്നത് മുതല്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. പീഢാനുഭവത്തിനും കുരിശുമരണത്തിനും ശേഷം കല്ലറയില്‍ സംസ്‌ക്കരിക്കപ്പെട്ട ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മാനവകുലത്തിന് പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും അടായാളമാണ്.

ആദ്യ വര്‍ഷങ്ങളില്‍ പാസ്‌ക്ക എന്ന പേരിലാണ് ഈസ്റ്റര്‍ ആഘോഷിക്കപ്പെട്ടിരുന്നത്. പാസ്‌ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തില്‍ നിന്നാണ് ഉരുവായത്. ഈ പാസ്‌ക്ക പെരുന്നാള്‍ പീഡാനുഭവും മരണവും ഉയിര്‍പ്പും ചേര്‍ന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. പിന്നീടാണ് പെസഹ മുതല്‍ ദുഃഖ ശനി വരെയുള്ള ദിവസങ്ങള്‍ പെസഹ ത്രിദിനമായും ഉയിര്‍പ്പ് തിരുന്നാള്‍ പ്രത്യേകമായും ആചരിക്കാന്‍ തുടങ്ങിയത്. എല്ലാ വര്‍ഷവും ഡിസംബര്‍ 25-ന് ആഘോഷിക്കുന്ന ക്രിസ്തുമസില്‍ നിന്നും വ്യത്യസ്തമായി ഈസ്റ്ററിന് സ്ഥിരമായ തീയതി ഇല്ല. ഒരോ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ഈസ്റ്ററും അതിനോടനുബന്ധിച്ച പീഡാനുഭവ വാരവും ആചരിക്കുന്നത്.
ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്‌സോണിയന്മാര്‍ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങള്‍ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റര്‍ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോള്‍ ഈസ്റ്റര്‍ മാസത്തില്‍തന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റര്‍ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാര്‍വത്രികപ്രചാരം നേടുകയും ചെയ്തു.
സുറിയാനി പാരമ്പര്യത്തിലുള്ള സഭകള്‍ക്കിടയില്‍ ഇപ്പോഴും ഈസ്റ്ററിനെ ഉയിര്‍പ്പ് പെരുന്നാള്‍ എന്നര്‍ത്ഥമുള്ള ക്യംതാ പെരുന്നാള്‍ എന്ന് വിളിക്കുന്ന പഴയ പതിവും നിലനില്‍ക്കുന്നു. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈ പുണ്യ ദിനതത്തില്‍ എല്ലാ വിശ്വാസികളും പരസ്പരം ആശംസകള്‍ കൈമാറുണ്ട്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ആശംസകള്‍, വാട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെ കൈമാറാനും തുടങ്ങി. ചില ആശംസകള്‍ ഏതൊക്കെയാണെന്ന് നോക്കാം..
ദൈവ പുത്രനായ യേശുക്രിസ്തുവിലൂടെ ഏറ്റവും വലിയ ത്യാഗം ആഘോഷിക്കുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഈസ്റ്റര്‍ ആശംസകള്‍.
അനുഗ്രഹീതമായ ഈസ്റ്റര്‍ ആശംസിക്കുന്നു.
പീഢാനുഭവങ്ങള്‍ ഉള്ളവര്‍ക്കെല്ലാം ഉയര്‍ത്തെഴുന്നേല്‍പ്പ് ഉറപ്പായിരിക്കും. ഈസ്റ്റര്‍ അതിജീവനത്തിന്റെ, പ്രത്യാശയുടെ പ്രതീകമാണ് .പ്രത്യാശ കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യുക.
പ്രതീക്ഷയുടെ ഉയിര്‍പ്പ് തിരുന്നാളില്‍ പ്രത്യാശയുടെ പുതുജീവിതം തുടങ്ങാം












Click it and Unblock the Notifications