വീണ്ടുമൊരു പ്രണയദിനം കൂടി; അറിയാം വാലന്റൈന്‍സ് ദിനത്തിന്റെ പ്രാധാന്യവും ചരിത്രവും
വീണ്ടും ഒരു പ്രണയ ദിനം കൂടി കടന്നുവരികയാണ്, ഫെബ്രുവരി 14, പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനമാണിത്. ലോകത്തിന്റെ പല പ്രദേശങ്ങളിലും ഈ ദിനം പ്രണയത്തിന്റെയും സാംസ്‌കാരികവും വാണിജ്യപരവുമായ ഒരു പ്രധാന ആഘോഷമായി മാറി. പലരും തങ്ങളുടെ പ്രണയം തുറന്നുപറയാന്‍ തിരഞ്ഞെടുക്കുന്ന ഒരു ദിവസം കൂടിയാണിത്. എന്നാല്‍ എന്തുകൊണ്ടാവാം ഈ പ്രണയം തുറന്നുപറയാന്‍ ഫെബ്രുവരി 15 തന്നെ തിരഞ്ഞെടുത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നിലെ ചരിത്രം എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

ഈ ദിവസത്തിന് പിന്നില്‍ സെന്റ് വാലന്റൈന് എന്ന പുരോഹിതന്‍രെ കഥായാണുള്ളത്. ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്റൈനായിരുന്നു കത്തോലിക്കാ സഭയുടെ ബിഷപ്പ്. അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കള്‍ വിവാഹം കഴിക്കരുത് എന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. വിവാഹം കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ക്ക് യുദ്ധത്തില്‍ ശ്രദ്ധ കുറയും എന്നതിനാലായിരുന്നു അത്. എന്നാല്‍ വാലന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരുടെ വിവാഹം നടത്തി കൊടുക്കാന്‍ തയ്യാറായി.

ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ജയിലില്‍ അടക്കുകയായിരുന്നു. എന്നാല്‍ ജയിലറുടെ അന്ധയായ മകളുമായി വാലന്റൈന്‍ പ്രണയത്തിലായി. വാലന്റൈന്റെ പരിശുദ്ധമായ പ്രണയം മൂലം പ്രണയിനിക്ക് കാഴ്ച തിരിച്ചു കിട്ടി. എന്നിട്ടും വാലന്റൈന്റെ തല വെട്ടാനായിരുന്നു ചക്രവര്‍ത്തി നിര്‍ദ്ദേശിച്ചത്. മരിക്കുന്നതിനു മുമ്പായി വാലന്റൈന്‍ പ്രണയിനിക്കായി ഇത്രമാത്രമെഴുതി, ഫ്രം യുവര്‍ വാലന്റൈന്‍.....

ലോകമെമ്പാടും പല രീതിയിലാണ് ഈ ദിനം ആഘോഷിക്കുന്നത്. ചില രാജ്യങ്ങളില്‍ വ്യത്യസ്തമായ ആചാരങ്ങളും നടക്കാറുണ്ട്. ജപ്പാന്‍, നോര്‍വ്വേ, ഫിലിപ്പീന്‍സ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ വിചിത്രമായ ചില ആചാരങ്ങള്‍ നടത്തി വരുന്നത്. ഡെന്‍മാര്‍ക്കില്‍ വളരെ വ്യത്യസ്തമായ ആചാരങ്ങളാണ് നടന്ന് വരുന്നത്. ചില നമ്പറുകളും ഡോട്ടുകളും ഉപയോഗിച്ച് ആണ്‍കുട്ടിയ്ക്ക് പറയാനുള്ളത് ഒരു കവിത പോലെയാക്കി നല്‍കുന്നു. എന്നാല്‍ ഇതാരാണ് നല്‍കിയതെന്ന് പെണ്‍കുട്ടി കണ്ടെത്തണം. ആ കത്ത് ആരുടേതാണെന്ന് കണ്ട് പിടിച്ചാല്‍ ആ പ്രണയം വിജയിച്ചു.

സ്ലോവേനിയയില്‍ സ്പ്രിങ് ഫെസ്റ്റിവല്‍ എന്ന പേരിലാണ് വാലന്റൈന്‍സ് ദിനം അറിയപ്പെടുന്നത്. എന്നാല്‍ ഈ ദിവസമല്ല തന്റെ പ്രണയം കൈമാറുന്നത്. പ്രണയം അറിയിക്കാനുള്ള ദിവസത്തിന് വേണ്ടി ഫെബ്രുവരി 14 മുതല്‍ വീണ്ടും കാത്തിരിക്കണം. മാര്‍ച്ച് 12ന് സെന്റ്. ജോര്‍ജസ് ഡേയിലാണ് സ്ലോവേനിയയില്‍ പ്രണയദിനം ആഘോഷിക്കുന്നത്.

വാലന്റൈന്‍സ് ദിനത്തില്‍ കമിതാക്കള്‍ ഏറ്റവും കൂടുതല്‍ പരസ്പരം സമ്മാനിക്കുന്നത് ചുവന്ന റോസാ പുഷ്പങ്ങളാണ്. പ്രണയദിനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്ന മറ്റൊരു സമ്മാനമാണ് കുട്ടിത്തം തുളുമ്പുന്ന ടെഡി ബിയറുകള്‍. പ്രണയലേഖനങ്ങള്‍ ഇപ്പോള്‍ പതിവില്ലാത്ത ഒരു കാര്യമാണെങ്കിലും പ്രണയം തുളുമ്പുന്ന ഓന്നോ രണ്ടോ വരികളെഴുതിയ ആശംസാ കാര്‍ഡുകള്‍ ഇന്നും പുതിയ പ്രണയജോഡികള്‍ക്ക് പ്രിയപ്പെട്ട സമ്മാനമാണ്.

ഇന്ന് വാലന്റൈന്‍സ് ഡേ ആഘോഷം പല തരത്തിലേക്ക് മാറിയിട്ടുണ്ട്. കാശ് പൊടിക്കുന്ന ഒരു ആഘോഷമായി ഇപ്പോള്‍ ചില സ്ഥലങ്ങളില്‍ മാറിയിട്ടുണ്ട്. പ്രണയദിനം കമിതാക്കളുടെ മാത്രമല്ല കച്ചവടക്കാരുടെ കൂടി ആഘോഷമായി മാറിയിരിക്കുകയാണ്. വാലന്റൈന്‍സ് ദിനത്തിലെ വമ്പന്‍ ഓഫറുകളുടെ പ്രഖ്യാപനം ഫെബ്രുവരിയുടെ തുടക്കം മുതല്‍ വന്നു തുടങ്ങിയിരുന്നു. അമേരിക്കയില്‍ ഇന്നത്തെ വാലന്റൈന്‍സ് ഡേ വിപണി ഏകദേശം 20 ബില്യണ്‍ ഡോളറിന്റേതാണ്. ഒരു നല്ല ഡിന്നര്‍ ഔട്ടിംഗ്, സിനിമയ്ക്ക് പോകുക, വീട്ടില്‍ ഒരു മികച്ച ഡിഷ് പാകം ചെയ്യുക, അല്ലെങ്കില്‍ വാലന്റൈന്‍സ് ഡേ പാര്‍ട്ടി നടത്തുക എന്നിവയെല്ലാം ഈ പ്രണയദിനം ആഘോഷിക്കാനുള്ള മികച്ച വഴികളാണ്.












Click it and Unblock the Notifications