പ്രധാനമന്ത്രി നാളെ ഗുജറാത്തില്‍; സുരക്ഷാ വലയമൊരുക്കാന്‍ വനിതാ പൊലീസ് സംഘം
ഗാന്ധിനഗര്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഗുജറാത്തില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷയൊരുക്കുന്നത് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന സംഘം. ആഭ്യന്തര സഹമന്ത്രി ഹര്‍ഷ് സംഘവിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രം പ്രധാനമന്ത്രിക്ക് സുരക്ഷാ വലയം തീര്‍ക്കുന്നത്. പൊലീസ് സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥരും കോണ്‍സ്റ്റബിള്‍മാരും ഉള്‍പ്പെടും.
വനിതാ ദിനത്തില്‍ ഗുജറാത്തിലെ വാന്‍സി ബോര്‍സി ഗ്രാമത്തില്‍ നടക്കുന്ന വലിയ പരിപാടിയാണ് 'ലക്ഷ്പതി ദീദി സമ്മേളനം'. ഇതില്‍ പങ്കെടുക്കാനാണ് പ്രധാനമന്തി നാളെ എത്തുന്നത്. 'വാന്‍സി ബോര്‍സി ഗ്രാമത്തിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി എത്തുന്നതു മുതല്‍ പരിപാടി നടക്കുന്ന സ്ഥലം വരെയുള്ള മുഴുവന്‍ സുരക്ഷാ ക്രമീകരണങ്ങളും വനിതാ പൊലീസ് മാത്രമായിരിക്കും കൈകാര്യം ചെയ്യുക' - മന്ത്രി ഹര്‍ഷ് സംഘവി പറഞ്ഞു.

2,100-ലധികം കോണ്‍സ്റ്റബിള്‍മാര്‍, 187 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 61 പൊലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, 16 ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടുമാര്‍, അഞ്ച് എസ്പിമാര്‍, ഒരു ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, ഒരു അഡീഷണല്‍ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രധാനമന്ത്രിക്ക് സുരക്ഷാ കവചം ഒരുക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും ആഭ്യന്തര സെക്രട്ടറിയുമായ നിപുണ ടൊറവാന മേല്‍നോട്ടം വഹിക്കും.
ഗുജറാത്തിനെ സുരക്ഷിതമായ സംസ്ഥാനമാക്കി മാറ്റുന്നതില്‍ സ്ത്രീകള്‍ എത്രത്തോളം പങ്ക് വഹിക്കുന്നുവെന്ന് ലോകത്തെ അറിയിക്കാന്‍ ഈ നടപടി സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തില്‍ ഗുജറാത്ത്, കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നാഗര്‍ ഹവേലി എന്നിവയാണ് ഉള്‍പ്പെടുന്നത്. വനിതാ ദിനത്തില്‍ ലോകത്തിന് ശക്തമായ ഒരു സന്ദേശം നല്‍കാനും സര്‍ക്കാരിന്റെ ഈ തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications