തേജ് ബഹാദൂറിന്റെ വായടയ്ക്കാന്‍ ശ്രമിക്കണ്ട:അഴിമതി തുടച്ചു നീക്കാന്‍ കഴിയുമോ മോദിയ്ക്ക് വെല്ലുവിളി!!
കേന്ദ്രത്തിന്റെയും ബിഎസ്എഫിന്റെയും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും തേജ് ബഹാദൂര്‍
ദില്ലി: ബിഎസ്എഫ് ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് വീഡിയോ വൈറലായതിന് പിന്നാലെ ബിഎസ്എഫ് ജവാന്‍ വീണ്ടും രംഗത്ത്. രാജ്യത്ത് നിന്ന് അഴിമതി തുടച്ചുനീക്കാന്‍ കഴിയുമോ എന്ന് പ്രധാനമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് പുതിയ വീഡിയോ. ബിഎസ്എഫ് ജവാന്മാര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് താന്‍ പീഡിപ്പിക്കപ്പെട്ടതല്ലാതെ ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും തേജ് ബഹാദൂര്‍ യാദവ് ചൂണ്ടിക്കാണിക്കുന്നു.
തേജ് ബഹാദൂര്‍ യാദവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിനെ തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും മികച്ച ഭക്ഷണമാണ് നല്‍കുന്നതെന്നും അവകാശപ്പെട്ട് കേന്ദ്രസര്‍ക്കാരും രംഗത്തെത്തിയിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെയും ബിഎസ്എഫിന്റെയും വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും തേജ് ബഹാദൂര്‍ യാദവ് വീഡിയോയില്‍ വ്യക്തമാക്കുന്നു.

ചോദ്യം പ്രധാനമന്ത്രിയോട്
വീഡിയോയില്‍ താന്‍ ചൂണ്ടിക്കാണിച്ചത് ബിഎസ്എഫ് ക്യാമ്പിലെ യഥാര്‍ത്ഥ പ്രശ്‌നമാണെന്നും എന്തുകൊണ്ടാണ് ഇതുവരെയും നടപടി സ്വീകരിക്കാത്തതെന്നും തേജ് പ്രധാനമന്ത്രിയോട് ചോദിക്കുന്നു. വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
അഴിമതി തുടച്ചുനീക്കാന്‍ കഴിയുമോ
രാജ്യത്തെ അഴിമതി പ്രധാനമന്ത്രിയ്ക്ക് തുടച്ചുനീക്കാന്‍ കഴിയുമോ എന്നും താന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത് താന്‍ ജോലി ചെയ്യുന്ന വകുപ്പിലെ മാത്രം പ്രശ്‌നമാണെന്നും തേജ് വീഡിയോയില്‍ പറയുന്നു. ഫേക്കുഎക്‌സ്പ്രസ് എന്ന ഫേസ്ബുക്ക് പേജിലാണ് തേജിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഫോണ്‍ പിടിച്ചെടുത്തു
തേജ് ബഹാദൂര്‍ യാദവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ 17 ശതമാനം സുഹൃത്തുക്കളും പാകിസ്താനില്‍ നിന്നാണെന്ന വാര്‍ത്തയോട് പ്രതികരിച്ച തേജ് ജനുവരി 10 മുതല്‍ തന്റെ ഫോണ്‍ പിടിച്ചെടുത്തിരുന്നുവെന്നും അനുവാദമില്ലാതെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇത്തരം ആരോപണങ്ങള്‍ വിശ്വസിക്കരുതെന്നും സത്യാവസ്ഥ വെളിപ്പെടുത്തുന്നതിനായി നേരിട്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ബിഎസ്എഫ് തള്ളിപ്പറഞ്ഞു
ബിഎസ്ഫ് ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും നേരത്തെ പരാതി നല്‍കിയിട്ടില്ലെന്നുമാണ് ബിഎസ്എഫ് ദില്ലി ഹൈക്കോടതിയെ അറിയിച്ചത്.

എല്ലാം പകതീര്‍ക്കല്‍, സത്യം പുറത്തുവന്നില്ല
സീമാ സുരക്ഷ ബെല്‍ 29ാം ബറ്റാലിയന്‍ ജവാനായ തേജ് ബഹാദൂര്‍ യാദവ് സൈനിക ക്യാമ്പിലെ ഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഉടന്‍ തന്നെ വൈറലാവുകയായിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ കോടതിയും കേന്ദ്രസര്‍ക്കാരും ഇടപെട്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ താന്‍ ഉന്നയിച്ച പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നും പീഡനം മാത്രമാണുണ്ടായതെന്നാണ് തേജിന്റെ വാദം.












Click it and Unblock the Notifications