'ബോലോ ദില്‍സെ, ഹര്‍ദാ ഫിര്‍സെ' തരംഗമാവുന്നു, ബിജെപി തകരുമോ ?
ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് ഹരീഷ് റാവത്തും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമായി മാറിക്കഴിഞ്ഞു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കാണ് സാധ്യത കല്‍പ്പിക്കുന്നതെങ്കിസും ഭരണകക്ഷിയായ കോണ്‍ഗ്രസ് പ്രതീക്ഷ കൈവിട്ടിട്ടില്ല. മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് പയറ്റുന്ന പരീക്ഷണങ്ങള്‍ പതിയെ ക്ലിക്കായി തുടങ്ങിയത്രേ.

ബോലോ ദില്‍ സെ, ഹര്‍ദ ഫിര്‍സെ (ഹൃദയത്തില്‍ നിന്നു പറയൂ, വീണ്ടും ഹര്‍ദ്ദ വേണമെന്ന്) എന്ന റാവത്തിനെക്കുറിച്ചുള്ള മുദ്രാവാക്യം കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹര്‍ദ്ദയെന്നു വിളിക്കപ്പെടുന്ന റാവത്ത് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ബോയ് ആയിക്കഴിഞ്ഞിട്ടുണ്ട്.
അതേസമയം, മറുഭാഗത്ത് ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ബിജെപി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. റാവത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയെന്നതു തന്നെയാണ് തിരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു തന്നെയാണ് മോദിയെതന്നെ രംഗത്തിറക്കിയതും.

നിലവില്‍ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് രണ്ടു വ്യക്തിപ്രഭാവങ്ങള്‍ തമ്മിലുള്ള മാറ്റുനോക്കല്‍ കൂടിയായി മാറിക്കഴിഞ്ഞു. ഒരു ഭാഗത്ത് റാവത്താണെങ്കില്‍ മറുഭാഗത്ത് മോദിയാണ്. റാവത്തിനെപ്പോലെ മോദി എല്ലായ്‌പ്പോഴും സംസ്ഥാനത്ത് ഇല്ലെന്നത് ആനുകൂല്യമായാണ് കോണ്‍ഗ്രസ് കാണുന്നത്. വോട്ട് പിടിക്കാന്‍ ജനങ്ങളിലേക്കു നേരിട്ട് ഇറങ്ങിയിരിക്കുകയാണ് റാവത്ത്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സംസ്ഥാന പര്യടനം അദ്ദേഹം രണ്ടുദിവസം മുമ്പ് ആരംഭിച്ചിരുന്നു

തിരഞ്ഞെടുപ്പ് നടക്കുന്ന മുഴുവന്‍ മണ്ഡലങ്ങളിലൂടെയും റാവത്ത് സഞ്ചരിക്കുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്യും. കിച്ച, ഹരിദ്വാര്‍ റൂറല്‍ എന്നീ രണ്ടു മണ്ഡലങ്ങളിലാണ് റാവത്ത് ഇത്തവണ ജനവിധി തേടുന്നത്. സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ മല്‍സരിക്കുന്ന ആദ്യ മുഖ്യമന്ത്രി കൂടിയാണ് അദ്ദേഹം.












Click it and Unblock the Notifications