വിവാദ വീഡിയോ, ഹര്‍ദിക് പട്ടേലിനെതിരെ പോലീസ് കേസ്!
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ പ്രക്ഷോഭത്തിന്റെ നേതാവായ ഹര്‍ദിക് പട്ടേലിനെതിരെ പോലീസ് കേസെടുത്തു. പോലീസ് ഉദ്യോഗസ്ഥരെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്ന തരത്തില്‍ പ്രസംഗിച്ചതിനാണ് കേസ്. പട്ടേല്‍ കമ്യൂണിറ്റിയിലെ യുവാക്കളോട് നിങ്ങള്‍ ആത്മഹത്യ ചെയ്യുന്നതിലും നല്ലത് പോലീസുകാരെ കൊല്ലുന്നതാണ് എന്നായിരുന്നു ഹര്‍ദിക് പട്ടേല്‍ ആഹ്വാനം ചെയ്തത്.
നിങ്ങള്‍ക്ക് അത്രയും ധൈര്യം ഉണ്ടെങ്കില്‍ പോയി ഒന്നോ രണ്ടോ പോലീസ് ഉദ്യോഗസ്ഥരെ കൊല്ലൂ. പട്ടേലുമാര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല - ഇതായിരുന്നു ഹര്‍ദിക് പട്ടേലിന്റെ വാക്കുകള്‍. സൂറത്തില്‍ വെച്ച് വിപുല്‍ ദേശായി എന്ന യുവാവിനോട് സംസാരിക്കുകയായിരുന്നു ഹര്‍ദിക് പട്ടേല്‍. എന്നാല്‍ ഈ വീഡിയോ പിന്നീട് വൈറലായി. പട്ടേല്‍ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു വിപുല്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

ഒക്ടോബര്‍ മൂന്നിനായിരുന്നു ഹര്‍ദിക് പട്ടേല്‍ ഇങ്ങനെ പറഞ്ഞത്. ഞായറാഴ്ചയാണ് ഗുജറാത്ത് പോലീസ് ഹര്‍ദിക് പട്ടേലിനെതിരെ കേസെടുത്തത്. ദേശീയ പതാകയെ അപമാനിച്ചതിനും പട്ടേലിനെതിരെ പോലീസ് കേസെടുത്തതായി പോലീസ് സൂപ്രണ്ട് ഗഗന്‍ദീപ് ഗംഭീര്‍ പറഞ്ഞു. രാജ്‌കോട്ടില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഏകദിന മത്സരം കളിക്കാന്‍ പോകുന്നതിനിടെ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ച ഹര്‍ദിക് പട്ടേലിനെ പോലീസ് തടഞ്ഞുവെച്ചിരുന്നു.












Click it and Unblock the Notifications