‘അത്ഭുതം നടക്കും’; കാൻസർ ബാധിച്ച 5 വയസ്സുകാരനെ കൊടും തണുപ്പിൽ ഗംഗയിൽ മുക്കി കുടുംബം, ദാരുണാന്ത്യം
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ ക്യാൻസർ ബാധിതനായ കുട്ടിക്ക് ദാരുണാന്ത്യം. കുട്ടിയുടെ ബന്ധുക്കളുടെ അന്ധവിശ്വാസമാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ഗംഗാനദയിൽ മുക്കിയാൽ കുട്ടി രക്ഷപ്പെടുമെന്ന ധാരണയിലാണ് ഇവർ കുട്ടിയ കൊടും തണുപ്പത്ത് നദിയിൽ മുക്കിയത്. ഡൽഹിയിൽ താമസിച്ചിരുന്ന കുടുംബം ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് ഹരിദ്വാറിലേക്ക് പോയത്.
കുട്ടിക്കൊപ്പം മാതാപിതാക്കളും ബന്ധുവായ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നുവെന്ന് ക്യാബ് ഡ്രൈവർ പറഞ്ഞു. ഒപ്പം ഉണ്ടായിരുന്ന സ്ത്രീ ആൺകുട്ടിയുടെ അമ്മായി ആണെന്നാണ് പറയുന്നത്. കുട്ടിക്ക് തീരെ സുഖമില്ലെന്നും അവൻ ക്യാൻസർബാധിതനാണെന്നും ഡോക്ടർമാർ വൈവിട്ടതായും അവർ പറഞ്ഞെന്നും ഡ്രൈവർ പറഞ്ഞു.

കുട്ടിയെ സ്ത്രീ വെള്ളത്തിനടിയിലേക്ക് മുക്കിയപ്പോൾ മാതാപിതാക്കൾ പ്രാർത്ഥന ചൊല്ലുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുട്ടിയെ വളരെയധികം നേരം വെള്ളത്തിൽ മുക്കിയത് കണ്ട സമീപവാസികൾ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അവർ തയ്യാറായില്ല. ഇതോടെ അവിടെ തടിച്ചുകൂടിയ ആളുകൾ ബലം പ്രയോഗിച്ച് കുട്ടിയെ പുറത്തെടുത്തു.
ആ സ്ത്രീ അക്രമാസക്തമായി പ്രതികരിക്കുന്നതും കുട്ടിയെ പുറത്തെടുക്കുന്നവരെ ആക്രമിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. സംഭവം അറിഞ്ഞ ഉടൻ പോലീസ് അവിടേക്ക് എത്തിച്ചേരുകയും കുട്ടിയെ ആശുത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.
അതേ സമയം ആ സ്ത്രീ കുട്ടിയുടെ മൃതദേഹത്തിന് അരികെ ഇരുന്നു കുട്ടി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്ന് പറയുന്ന വീഡിയോയും പുറത്തുവന്നു. കുട്ടി ഡൽഹിയിലെ ഒരു ഉന്നത ആശുപത്രിയിൽ ക്യാൻസർ ചികിത്സയിലായിരുന്നു എന്ന് കുടുംബം പറഞ്ഞതായി ഹരിദ്വാർ സിറ്റി പോലീസ് മേധാവി സ്വതന്ത്ര്യ കുമാർ പറഞ്ഞു. ഒടുവിൽ ഡോക്ടർമാർ ഉപേക്ഷിച്ചു, അവരുടെ കുട്ടിയെ രക്ഷിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ.
പിന്നാലെയായിരുന്നു ഗംഗാനദി കുട്ടിയെ രക്ഷിക്കുമെന്ന് വിശ്വസിച്ച് കുടുംബം പോയത്. " ഡൽഹിയിലെ ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിക്കുന്നു, എന്നാൽ ഈ സമയത്ത്, ഗംഗാ സ്നാനം സുഖപ്പെടുത്തുമെന്ന് വിശ്വസിച്ചതിനാലാണ് അവർ കുട്ടിയെ ഇവിടെ കൊണ്ടുവന്നതെന്നാണ് തോന്നുന്നത്, " അദ്ദേഹം പറയുന്നു. കുട്ടിയുടെ മാതാപിതാക്കളെയും അമ്മായിയെയും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications