ഭഗവത് ഗീത ജയന്തി ആഘോഷത്തിന് ബിജെപി സര്‍ക്കാര്‍ 100 കോടി രൂപ ചെലവഴിക്കും
ഹരിയാണയിലെ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വെച്ചാണ് ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കിയതെന്നാണ് ഹിന്ദു ഐതിഹ്യം.
ചണ്ഡീഗഡ്: ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗീതോപദേശം നല്‍കിയതിന്റെ ജയന്തി ആഘോഷത്തിനായി ഹരിയാണയിലെ ബിജെപി സര്‍ക്കാര്‍ 100 കോടി രൂപ ചെലവഴിക്കുമെന്ന് റിപ്പോര്‍ട്ട്. ഹരിയാണയിലെ കുരുക്ഷേത്ര യുദ്ധഭൂമിയില്‍ വെച്ചാണ് ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കിയതെന്നാണ് ഹിന്ദു ഐതിഹ്യം.
ഡിസംബര്‍ 1ന് പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജിയാണ് ഗീതാ ജയന്തി ഉദ്ഘാടനം ചെയ്യുന്നത്. നേരത്തെ ചെറിയതോതില്‍ പണം ചെലവഴിച്ചുകൊണ്ടായിരുന്നു മുന്‍ സര്‍ക്കാരുകള്‍ ഗീതാ ജയന്തി ആഘോഷിച്ചിരുന്നത്. ക്ഷേത്രങ്ങള്‍ പുന:രുദ്ധരിക്കാനും തീര്‍ഥാടകരെത്തുന്ന പ്രധാനപ്പെട്ട സ്ഥാലങ്ങള്‍ അലങ്കരിക്കാനും മറ്റുമാണ് ഇത്തവണ 100 കോടി രൂപ ചെലവഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 11വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും.

സംസ്ഥാനത്തെ ഹിന്ദുത്വവത്കരിക്കാനാണ് ബിജെപി മുഖ്യമന്ത്രിയായ മനോഹര്‍ ഘട്ടാര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള ആഘോഷം. ഗീതാ ജയന്തി ആഘോഷത്തിലൂടെ കുരുക്ഷേത്ര രാജ്യത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി ഉയര്‍ത്താനാണ് തങ്ങളുടെ ശ്രമമെന്ന് കുരുക്ഷേത്ര ഡെപ്യൂട്ടി കമ്മീഷണര്‍ സുമേധ കട്ടാരിയ പറഞ്ഞു.
അതേസമയം, ഇത്തരമൊരു ആഘോഷംകൊണ്ട് ഭരിക്കുന്ന പാര്‍ട്ടിക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ നേട്ടമുണ്ടാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുരുക്ഷേത്ര ചരിത്രപരമായ ഒരു സ്മാരകമാണ്. അത് നിലനിര്‍ത്തേണ്ടത് അത്യാവശ്യവുമാണെന്ന് കുരുക്ഷേത്ര യൂണിവേഴ്‌സിറ്റി ഡീന്‍ ആര്‍ എസ് യാദവ് പറഞ്ഞു.












Click it and Unblock the Notifications