ഹൈവേകളിലെ മദ്യശാലകള്‍ പൂട്ടിച്ചതിന് പിന്നില്‍ മദ്യപിക്കുന്നയാള്‍
ചണ്ഡീഗഡ്: രാജ്യത്തെ ദേശീയ സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മദ്യപാനി. സുപ്രീംകോടതിയില്‍ ഇതിനായി ഹര്‍ജി നല്‍കിയ ഹര്‍മാന്‍ സിദ്ധുവാണ് ചരിത്രപ്രധാനമായ വിധി സംമ്പാദിച്ചത്. താന്‍ മദ്യപാനിയാണെന്ന് ഹര്‍മാന്‍ പറയുന്നു. എന്നാല്‍ മദ്യപിച്ച് വാഹനമോടിക്കുന്നയാളല്ലെന്നും ഹര്‍മാന്‍ പറഞ്ഞു.
താന്‍ മദ്യപാനിയാണ്, സംശയമില്ല. പബ്ബിലും ബാറിലും ചെന്ന് മദ്യപിക്കുന്നതും താന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍, ഒരിക്കലും മദ്യപിച്ച് വാഹനം ഓടിച്ചിട്ടില്ല. ചണ്ഡീഗഡ് സ്വദേശിയായ ഹര്‍മാന്‍ വ്യക്തമാക്കി. ഒരു സോഫ്റ്റ് വെയര്‍ പ്രൊഫണലാണ് 46കാരനായ ഹര്‍മാന്‍. 1996മുതല്‍ വീല്‍ചെയറിലാണ് ജീവിതം. ഹിമാചലിലുണ്ടായ ഒരു വാഹനാപകടമാണ് ഹര്‍മാന്റെ സാധാരണ ജീവിതം തകര്‍ത്തത്.

തന്റെ പോരാട്ടം മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ മാത്രമല്ല, സുരക്ഷിതമായ ഡ്രൈവിങ്ങിനുവേണ്ടിക്കൂടിയാണ്. അശ്രദ്ധമായ ഡ്രൈവിങ്ങിലൂടെ രാജ്യത്ത് ഒട്ടേറെപേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിക്കൂടിയുള്ളതാണ് സുപ്രീംകോടതിവിധിയെന്നും ഹര്‍മാന്‍ പറഞ്ഞു.
തന്റെ എന്‍ജിഒയിലൂടെ സിദ്ധു പഞ്ചാബ് ഹരിയാണ ഹൈക്കോടതിയിലാണ് ആദ്യം ഹര്‍ജി നല്‍കിയത്. സംസ്ഥാന ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടായതോടെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിയും ഹര്‍ജിക്കാരന് അനുകൂലമായി വിധിപ്രസ്താവിച്ചതോടെ രാജ്യത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹൈവേകളിലെ മദ്യശാലകള്‍ അടച്ചിടുകയും ചെയ്തു.












Click it and Unblock the Notifications