ബിജെപി എംപിയുടെ വര്‍ഗീയ പരാമര്‍ശത്തിനിടെ ചിരിച്ച് ഹര്‍ഷവര്‍ധന്‍: പറഞ്ഞത് കേട്ടില്ലെന്ന് വിശദീകരണം
ന്യൂഡല്‍ഹി: ബിജെപി എംപി രമേശ് ബിദുരിയുടെ വര്‍ഗീയ പ്രസംഗത്തിനിടെ ചിരിച്ച സംഭവത്തില്‍ പ്രതികരണവുമായി ഹര്‍ഷ വര്‍ധന്‍. ആ പ്രസംഗത്തെ പ്രോത്സാഹിപ്പിക്കുകയല്ല ചെയ്തത്. എന്താണ് അദ്ദേഹം പറഞ്ഞതെന്ന് താന്‍ കേട്ടിട്ടില്ലെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു. ദക്ഷിണ ഡല്‍ഹി മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് രമേശ് ബിദുരി. ലോക്‌സഭയില്‍ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിദുരി, അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. ഇത് വലിയ വിവാദമായിരുന്നു.
പ്രതിപക്ഷം ഒന്നടങ്കം ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുത്. കര്‍ശനമായ നടപടിയുണ്ടാവുമെന്നും ബിദുരിക്ക് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പ് നല്‍കി. അതേസമയം സംഭവത്തില്‍ വളരെ വൈകാരികമായിട്ടാണ് ഡാനിഷ് അലി പ്രതികരിച്ചത്. തന്റെ അനുഭവം ഇതാണെങ്കില്‍, ഇന്ത്യയിലെ സാധാരണക്കാരുടെ അനുഭവം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

ആ പരാമര്‍ശം എന്നെ അസ്വസ്ഥനാക്കി. തല പൊട്ടിച്ചിതറുന്നത് പോലെയാണ് തോന്നിയത്. എനിക്ക് ഉറങ്ങാന്‍ പോലും കഴിഞ്ഞ രാത്രിയില്‍ സാധിച്ചില്ലെന്നും ഡാനിഷ് അലി പറഞ്ഞു. രമേശ് ബിദുരിക്കെതിരെ ബിജെപി നടപടിയെടുത്തില്ലെങ്കില്‍ എംപി സ്ഥാനത്ത് തുടരണോ എന്ന കാര്യം ചിന്തിക്കേണ്ടി വരുമെന്നും അലി വ്യക്തമാക്കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് പാര്‍ട്ടി എംപിയുടെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.അതേസമയം താന്‍ വീഡിയോയില്‍ ചിരിക്കുന്നത് ആ വിഷയത്തില്‍ അല്ലെന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണിതെന്ന് ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. എന്റെ മുസ്ലീം സുഹൃത്തുക്കള്‍ ഇത് വിശ്വസിക്കുന്നുണ്ടോ? ഇത് കരുതി കൂട്ടി നിര്‍മിച്ചെടുത്ത കഥയാണ്. മുപ്പത് വര്‍ഷത്തെ പൊതുജീവിതത്തില്‍ നിരവധി മുസ്ലീം സഹോദരങ്ങളുമായി ഞാന്‍ ഇടപഴകിയിട്ടുണ്ട്. ചാന്ദ്‌നി ചൗക്കില്‍ നിരവധി മുസ്ലീം സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഞാന്‍ കളിച്ച് വളര്‍ന്നത്. അതേ ചാന്ദ്‌നി ചൗക്കില്‍ നിന്ന് എല്ലാ സമുദായക്കാരുടെയും പിന്തുണയോടെയാണ് ഞാന്‍ പാര്‍ലമെന്റിലേക്ക് എത്തിയത്. ഇത്രയും ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തിലേക്ക് എന്റെ പേര് വലിച്ചിഴച്ചതില്‍ വളരെ ദു:ഖമുണ്ടെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.
അതേസമയം വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി എംപി ബിദുരിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡാനിഷ് അലി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് നല്‍കി. തെരഞ്ഞെടുക്കപ്പെട്ട എംപിക്ക് നേരെ ഇത്രയും മോശപ്പെട്ട പ്രയോഗം നടത്തുന്നത് ഇതാദ്യമായിട്ടാണ്. ആധുനിക ഇന്ത്യയുടെ പരീക്ഷണശാലയില്‍ ഒരു നേതാവിന് ഇത്തരത്തിലുള്ള പരിശീലനമാണോ നല്‍കുന്നതെന്നും ഡാനിഷ് അലി ചോദിച്ചു.
ബിദുരിയെ സസ്‌പെന്‍ഡ് ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഏതൊരു ഇന്ത്യന്‍ പൗരന്‍മാരെയും അപമാനിക്കുന്നതാണ് ബിദുരിയുടെ പരാമര്‍ശമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് രമേശ് പറഞ്ഞു.












Click it and Unblock the Notifications