ഹരിയാനയില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്; വിനേഷ് ഫോഗട്ടിന് സീറ്റ്
ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. ഇന്ന് കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത ഒളിമ്പ്യനും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. ജൂലാന സീറ്റാണ് വിനേഷ് ഫോഗട്ടിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളില്‍ 31 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്.
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ ഗാര്‍ഹി സാംപ്ല-കിലോളി സീറ്റില്‍ നിന്ന് മത്സരിക്കും. മുന്‍ കര്‍ണാല്‍ മേയറും സധൗര സീറ്റില്‍ നിന്നുള്ള സിറ്റിംഗ് എംഎല്‍എയുമായ രേണു ബാലയ്ക്ക് അതേ സീറ്റില്‍ വീണ്ടും മത്സരിക്കാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ബാദ്ലി എംഎല്‍എ കുല്‍ദീപ് വത്സിനും സിറ്റിംഗ് സീറ്റ് തന്നെയാണ് നല്‍കിയിരിക്കുന്നത്.

മുന്‍ എംഎല്‍എയായിരുന്ന ബിഷന്‍ ലാല്‍ സൈനിക്ക് റഡൗര്‍ നിയമസഭാ മണ്ഡലമാണ് അനുവദിച്ചത്. സംസ്ഥാന അധ്യക്ഷന്‍ മധാവി ഉദയ് ഭാന്‍ ഹോഡലില്‍ നിന്നും മത്സരിക്കും. സുരേന്ദര്‍ പന്‍വാര്‍ സോനിപത്തിലും ഭരത് ഭൂഷണ്‍ ബത്ര റോഹ്തക്കിലും കുല്‍ദീപ് വാട്സ് ബാദ്ലിയിലും ചിരഞ്ജീവ് റാവു രെവാരിയിലും നീരജ് ശര്‍മ ഫരീദാബാദ് എന്‍ഐടിയിലും മത്സരിക്കും. മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയെ നേരിടാന്‍ ലഡ്വയില്‍ നിന്ന് മേവാ സിംഗിനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.
കോണ്‍ഗ്രസില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിനേഷ് ഫോഗട്ടിന് ഹരിയാന തിരഞ്ഞെടുപ്പ് ടിക്കറ്റ് ലഭിച്ചത്. വിനേഷിനെപ്പാപ്പം ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ ജേതാവ് ബജ്‌റംഗ് പൂനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. മുന്‍ ഡബ്ല്യുഎഫ്‌ഐ തലവനും മുന്‍ ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രതിഷേധത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന താരങ്ങളാണ് വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും.
ഇന്ത്യന്‍ റെയില്‍വേയിലെ ജോലി രാജി വെച്ച ശേഷമാണ് വിനേഷ് ഫോഗട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സ്ത്രീകള്‍ക്കെതിരായ അനീതിക്കെതിരെ നിലകൊള്ളുന്ന ഒരു പാര്‍ട്ടിക്കും പ്രത്യയശാസ്ത്രത്തിനുമൊപ്പമാണ് താനെന്നും തെരുവില്‍ നിന്ന് പാര്‍ലമെന്റ് വരെ പോരാടാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ച് കൊണ്ട് വിനേഷ് ഫോഗട്ട് പറഞ്ഞിരുന്നു. ബജ്‌റംഗ് പൂനിയയ്ക്കും കോണ്‍ഗ്രസ് സീറ്റ് നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഹരിയാനയിലെ 90 സീറ്റുകളിലേക്ക് ആം ആദ്മി പാര്‍ട്ടിയുമായി സീറ്റ് വിഭജന ചര്‍ച്ചയിലാണ് കോണ്‍ഗ്രസ്. സീറ്റുകള്‍ക്കായി ഇരുഭാഗത്തുനിന്നും ശക്തമായ വിലപേശല്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications