നിയമവിരുദ്ധ മതപരിവർത്തനം തടയൽ നിയമം പാസാക്കി ഹരിയാന സർക്കാർ: പ്രതിഷേധം ഉയർത്തി കോണ്‍ഗ്രസ്
ഛണ്ഡീഗഡ്: പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ശക്തമായ പ്രതിഷേധത്തിനിടയില്‍ നിയമവിരുദ്ധ മതപരിവർത്തനം തടയൽ ബിൽ പാസാക്കി ഹരിയാന സർക്കാർ. ബലപ്രയോഗത്തിലൂടെയോ അനാവശ്യ സ്വാധീനത്തിലൂടെയോ വശീകരണത്തിലൂടെയോ മതപരിവർത്തനം തടയുന്നതിനുള്ള ബിൽ മാർച്ച് നാലിന് സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതാണ് ഇന്ന് സർക്കാർ പാസാക്കിയത്. എന്നാല് നിയമം ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് നിയമസഭയില്‍ പ്രതിഷേധം ഉയർത്തുകയും ഇറങ്ങിപ്പോവുകയും ചെയ്തു.
ഹരിയാന പ്രിവൻഷൻ ഓഫ് നിയമവിരുദ്ധ മതപരിവർത്തന ബിൽ, 2022 അനുസരിച്ച്, ആരോപിക്കപ്പെടുന്ന കുറ്റത്തില്‍ തെളിവ് നൽകേണ്ട ബാധ്യത പ്രതിക്കാണ് എന്നതാണ് ശ്രദ്ധേയം. വശീകരണത്തിലൂടെയും ബലപ്രയോഗത്തിലൂടെയും ബലപ്രയോഗത്തിലൂടെയും വഞ്ചനാപരമായ മാർഗങ്ങളിലൂടെയും മതപരിവർത്തനം നടത്തുകയാണെങ്കിൽ, ഒരു വർഷം മുതൽ അഞ്ച് വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന വകുപ്പും പുതിയ നിയമത്തിലുണ്ട്.

ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമീപകാലത്ത് സമാനമായ ബില്ലുകൾ പാസാക്കിയിരുന്നു. പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീയെയോ പട്ടികജാതി (എസ്‌സി) അല്ലെങ്കിൽ പട്ടികവർഗത്തിൽ (എസ്‌ടി) ഉൾപ്പെടുന്ന വ്യക്തിയേയോ ആരെങ്കിലും മതം മാറ്റുകയോ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ നാല് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ ലഭിക്കുമെന്നും ബില്ലില്‍ പറയുന്നു. ഈ ശിക്ഷ 10 വർഷം വരെ നീട്ടുകയും 3 ലക്ഷം രൂപയിൽ കുറയാത്ത പിഴ ചുമത്തുകയും ചെയ്യാം.
അതേസമയം നിരവധി കോൺഗ്രസ് എം എൽ എമാർ ബില്ലിനെ "ഭരണഘടനാവിരുദ്ധം" എന്ന് വിശേഷിപ്പിച്ച് രംഗത്ത് എത്തി, "മതത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനുള്ള" സർക്കാരിന്റെ ശ്രമമാണിതെന്നും അവർ ആരോപിച്ചു. ഇത്തരമൊരു ബിൽ കൊണ്ടുവരാൻ അടിസ്ഥാനമായ ഇത്തരം എത്ര പരാതികളോ ക്രിമിനൽ കേസുകളോ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സഭയെ അറിയിക്കണമെന്നും കോൺഗ്രസ് എം എൽ എമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, പ്രതിരോധ നടപടികളായി ചില നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് വിധാൻസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്ത പറഞ്ഞു.
നിലവിലുള്ള നിയമങ്ങളിൽ നിർബന്ധിത മതപരിവർത്തനത്തിന് ശിക്ഷ നൽകുന്ന വ്യവസ്ഥയുണ്ടെന്നും പുതിയ നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും ഹരിയാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ വ്യക്തമാക്കി. അതേസമയം, ബിൽ പാസാക്കിയത് ഹരിയാനയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കിരൺ ചൗധരി അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications