ഹരിയാന ബിജെപിയില്‍ പാളയത്തില്‍ പട: എംഎല്‍എ കോണ്‍ഗ്രസിലെത്തി, മന്ത്രിയും വന്നേക്കും
ഛണ്ഡീഗഡ്: ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ ഹരിയാന ബി ജെ പിയില്‍ പാളയത്തില്‍ പട. ഒക്ടോബർ 5 ന് നടക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കഴിഞ്ഞ ദിവസമായിരുന്നു ബി ജെ പി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. തൊട്ടുപിന്നാലെ, നയബ് സൈനി മന്ത്രിസഭയിലെ മന്ത്രിമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കള്‍ തന്നെ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്ത് വന്നു.
സംസ്ഥാന ഊർജ വകുപ്പ് മന്ത്രി രഞ്ജിത് സിംഗ്, സഹമന്ത്രി ബിഷംബർ സിംഗ് ബാൽമികി, രതിയ എം എൽ എ ലക്ഷ്മൺ നാപ, മുൻ മന്ത്രിമാരായ കരൺ ദേവ് കാംബോജ്, കവിതാ ജെയിൻ, എംപി സാവിത്രി ജിൻഡാൽ എന്നിവരാണ് പാർട്ടിയില്‍ കലാപക്കൊടി ഉയർത്തിയിരിക്കുന്നത്.

ഇന്ന് ബി ജെ പിയില്‍ നിന്നും രാജിപ്രഖ്യാപിച്ച നാപ ഡല്‍ഹിയില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേർന്നു. കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഉദയ്ഭാൻ, കോൺഗ്രസ് പാർട്ടിയുടെ മറ്റ് മുതിർന്ന നേതാക്കൾ എന്നിവരം സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. രതിയ മണ്ഡലത്തില്‍ തന്നെ തഴഞ്ഞ് മുൻ സിർസ എംപി സുനിത ദുഗ്ഗലിനെ റാതിയെ മത്സരിപ്പിക്കാനുള്ള ബി ജെ പിയുടെ തീരുമാനമാണ് ലക്ഷ്മൺ നാപയെ പ്രകോപിതനാക്കിയത്.
"പാർട്ടി നടത്തിയ എല്ലാ സർവേയിലും എന്നേക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടായിരുന്നു. എന്നെ പിന്തുണയ്ക്കുന്നുവെന്ന് 80-90 സർപഞ്ചുമാർ പാർട്ടിയെ രേഖാമൂലം തന്നെ അറിയിച്ചു. എന്നിട്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി ജെ പി ടിക്കറ്റ് തന്നിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം ഞെട്ടിക്കുന്നതും നിരാശാജനകവുമാണ്." കോണ്‍ഗ്രസില്‍ ചേർന്നതിന് പിന്നാലെ ലക്ഷ്മൺ നാപ പറഞ്ഞു.
ഞാൻ മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയുമായും സംസ്ഥാന പ്രസിഡൻ്റ് മോഹൻ ലാൽ ബദോലിയുമായും സംസാരിച്ചു. എന്നിലോ എൻ്റെ ജോലിയിലോ എന്തെങ്കിലും പോരായ്മകൾ ഉണ്ടായിട്ടുണ്ടോ എന്ന് അവരോട് ചോദിച്ചു. അവർക്ക് ഒന്നിനം മറുപടിയില്ലായിരുന്നു. എന്നെപ്പോലൊരു പ്രവർത്തകനെ പാർട്ടി പരിഗണിക്കാതിരിക്കുമ്പോള്‍ അവിടെ തുടരുന്നതില്‍ ഒരു അർത്ഥവുമില്ല. അതുകൊണ്ട് ഞാൻ രാജിക്കത്ത് സമർപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോണ്‍ഗ്രസ് തനിക്ക് ടിക്കറ്റ് തന്നാലും ഇല്ലെങ്കിലും കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകനെന്ന നിലയിൽ എൻ്റെ സമുദായത്തിലെയും നിയോജക മണ്ഡലത്തിലെയും ജനങ്ങൾക്ക് വേണ്ടി ഞാൻ തുടർന്നും പ്രവർത്തിക്കുമെന്നും ലക്ഷ്മണ്‍ നാപ വ്യക്തമാക്കി.
അതിനിടെ ഹരിയാന ഊർജ മന്ത്രി രഞ്ജിത് സിംഗും രാജിവെച്ച് റാനിയയിൽ നിന്നും സ്വന്തന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. "ഞാൻ ദബ്‌വാലിയിൽ നിന്ന് മത്സരിക്കണമെന്നാണ് പാർട്ടി പറഞ്ഞത്. ഞാൻ അതിന് തയ്യാറല്ല. ഞാൻ റാനിയയിൽ നിന്ന് മാത്രമേ മത്സരിക്കൂ." അദ്ദേഹം പറഞ്ഞു.
"ഞാൻ റാനിയയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ട തീയതി തീരുമാനിക്കാൻ സെപ്റ്റംബർ 8 ന് എൻ്റെ അനുയായികളുടെ മറ്റൊരു യോഗം ചേരും." തൻ്റെ അനുയായികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സിംഗ് പറഞ്ഞു.
ബിജെപി തനിക്ക് പാർട്ടി ടിക്കറ്റ് നൽകിയാലും ഇല്ലെങ്കിലും റാനിയ സീറ്റിൽ മത്സരിക്കുമെന്ന് സിംഗ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ബി ജെ പി മന്ത്രി കോണ്‍ഗ്രസില്‍ ചേരാനും സാധ്യതയുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയിൽ ചേർന്ന് ഹിസാറിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ട സിംഗ് റാനിയയിൽ നിന്ന് പാർട്ടി ടിക്കറ്റ് തേടുകയായിരുന്നു. ബിജെപി ബുധനാഴ്ച പുറത്തിറക്കിയ പട്ടികയിൽ റാനിയില്‍ ശിഷ്പാൽ കംബോജിൻ്റെ പേരാണുള്ളത്.
ഐഎൻഎൽഡി മേധാവിയും മുൻ മുഖ്യമന്ത്രിയുമായ ഓം പ്രകാശ് ചൗട്ടാലയുടെ സഹോദരനാണ് രഞ്ജിത് സിംഗ്. 2019 ൽ റാനിയയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച സിംഗ്, ബിജെപിയെ പിന്തുണയ്ക്കുകയും ബി ജെ പി സർക്കാറില്‍ അംഗമാകുകയുമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിസാറിൽ കോൺഗ്രസ് നേതാവ് ജയ് പ്രകാശിനോട് പരാജയപ്പെടുകയും ചെയ്തു.












Click it and Unblock the Notifications