വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു
ചണ്ഡീഗഡ്: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 12ാം ക്ലാസ് വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. ഹരിയാണയിലെ കര്‍നാല്‍ നഗരത്തിലാണ് സംഭവം. കര്‍നാല്‍ നഗരത്തിലെ ബസ്റ്റാന്റിന് സമീപത്തുവെച്ച് കുട്ടികളുടെ സംഘങ്ങള്‍ തമ്മില്‍ പരസ്പരം വാക്കേറ്റവും കൈയ്യാങ്കളിയും നടത്തിയിരുന്നു. ഇതിനിടയിലാണ് കുത്തേറ്റത്.
കുത്തേറ്റ വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു വിദ്യാര്‍ഥിക്ക് പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പഠിക്കുന്നവരാണെന്ന് കര്‍നാല്‍ ഡിഎസ്പി വിവേക് ചൗധരി അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

സംഘര്‍ഷത്തില്‍ ഒട്ടേറെപേര്‍ ഉള്‍പ്പെട്ടതായാണ് വിവരം. സംഭവസ്ഥലത്ത് പോലീസ് സംഘം കുതിച്ചെത്തിയെന്നും പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിവേക് ചൗധരി പറഞ്ഞു. വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകേണ്ട വിഷയം എന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പുറത്തുനിന്നുള്ളവരും സംഘട്ടനത്തില്‍ ഉള്‍പ്പെട്ടെന്നാണ് സൂചന.
സ്‌കൂളില്‍ വെച്ചുണ്ടായ വാക്കേറ്റം പുറത്തേക്കെത്തുകയും ഒരുസംഘം വിദ്യാര്‍ഥികള്‍ പുറമെനിന്നുള്ളവരെ സംഘടിപ്പിച്ച് ആക്രമിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കൊലപാതകം നടന്നത് അതീവ ഗൗരവമുള്ള വിഷയമായാണ് കരുതുന്നെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications