വെല്ലുവിളി ഉയർത്തി ആം ആദ്മി; നേതൃമാറ്റം ആവശ്യപ്പെട്ട് ഹരിയാന കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ
ദില്ലിയിൽ രാഹുൽ ഗാന്ധിയെ സന്ദർശിച്ച് ഹരിയാനയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ. പഞ്ചാബിൽ ആം ആദ്മിയുടെ പ്രകടനത്തിന് പിന്നാലെയാണ് തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയിൽ നിന്നുള്ള നേതാക്കളുടെ നീക്കം. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.

നിലവിലെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നേതാക്കൾ രാഹുൽ ഗാന്ധിയെ അറിയുച്ചു. ഒറ്റക്കെട്ടായി നേതാക്കൾ പ്രവർത്തിക്കണമെന്ന് രാഹുൽ ഗാന്ധി കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായി പാർട്ടി ഹരിയാന ഇൻ ചാർജ് വിവേക് ബൻസാൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നതിനെക്കുറിച്ച് എല്ലാവരും അവരുടെ കാഴ്ചപ്പാടുകൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടിയിൽ നേതാക്കൾ തമ്മിൽ യാതൊരു ഭിന്നതയുമില്ല. നേതാക്കൾ ഐക്യത്തോടെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടും,കൂടിക്കാഴ്ചയിൽ പങ്കെടുത്ത മുൻ ഹരിയാന മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ എസ് ഹൂഡ പറഞ്ഞു.
പാർട്ടിയെ താഴെ തട്ടിൽ തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
അതിനായി നിരവധി വിഷയങ്ങൾ പരിഹരിക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. രാഹുൽ ഗാന്ധിയുടെ നിർദ്ദേശങ്ങൾ എല്ലാം തന്നെ നേതാക്കൾ ശ്രദ്ധയോടെ കേട്ടു, തിരഞ്ഞെടുപ്പിൽ നേതാക്കൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുമാരി സെൽജ പറഞ്ഞു.
അതേസമയം രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാന നേതാക്കൾക്കെതിരെ കോൺഗ്രസ് അധ്യക്ഷ നിരവധി പരാതികൾ ഉന്നയിച്ചതായി പാർട്ടി വൃത്തങ്ങളെ ഉദ്ദേശിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആവർത്തിച്ച് അപേക്ഷിച്ചിട്ടും ഹൂഡ ക്യാമ്പോ പിസിസി സംഘടനാ ടീമോ ജില്ലാ-ബ്ലോക്ക് തല കമ്മിറ്റി രൂപീകരണത്തിൽ തന്നെ പിന്തുണച്ചില്ലെന്ന് സെൽജ പരാതിപ്പെട്ടു. വെറും നാലോ അഞ്ചോ നേതാക്കളെ മാത്രമാണ് സംഘടന ചുമതലയിൽ നിയമിക്കാൻ സാധിച്ചതെന്നും അവർ പറഞ്ഞു.
അതേസമയം തിരഞ്ഞെടുപ്പിന് മുൻപ് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന ആവശ്യമാണ് ഭൂപേന്ദർ ഹൂഡയുടെ മകനായ ദീപേന്ദർ ഹൂഡ യോഗത്തിൽ ആവശ്യപ്പെട്ടത്. ജാട്ട് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ പി സി സി അധ്യക്ഷനാക്കണമെന്നും ദീപേന്ദർ ആവശ്യപ്പെട്ടു. ദീപേന്ദറിനെ അധ്യക്ഷനാക്കണമെന്നതാണ് ഹൂഡ ക്യാമ്പിന്റെ ആവശ്യം. അതേസമയം അധ്യക്ഷ പദം ലക്ഷ്യം വെച്ച് രൺദീപ് സിംഗ് സുർജേവാലയും ചരടുവലി നടത്തുന്നുണ്ടെന്നാണ് സൂചന. എന്തായാലും ബി ജെ പിയേയും ആം ആദ്മിയുടേയും നേരിടാൻ ശക്തനായ നേതാക്കൾ തന്നെ പാർട്ടി തലപ്പത്ത് വേണമെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്നത്.












Click it and Unblock the Notifications