ഹരിയാണ സാധാരണ ഗതിയിലേക്ക്; ദില്ലിയിലേക്കുള്ള ജലവിതരണം ഉടന്‍ പുനരാരംഭിക്കും
ചണ്ഢിഗഡ്: കുറച്ചു ദിവസങ്ങളായി പ്രക്ഷുബ്ദമായ ഹരിയാണ സാധാരണ ഗതിയിലേക്ക് വരുന്നു. പല സ്ഥലങ്ങളിലും കര്‍ഫ്യുവിന് ഇളവ് നല്‍കിയിട്ടുണ്ട്. റോഡ് ഗതാഗതവും സാധാരണ ഗതിയിലാകുന്നുണ്ട്. മുനാക് കനാലില്‍ നിന്നും ദില്ലിയിലേക്കുള്ള ജലവിതരണം ഉടന്‍ പുനരാരംഭിക്കാന്‍ പറ്റുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ദില്ലി-അമ്പാല, ദില്ലി-ബതിണ്ട സെക്ഷനിലേക്കുള്ള റെയില്‍വേ ഗതാഗതം പുനസ്ഥാപിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. പ്രക്ഷോഭകാരികള്‍ പല സ്ഥലങ്ങളിലും ട്രാക്കുകള്‍ അടര്‍ത്തിയെടുത്തിരുന്നു. ട്രാക്ക് മുഴുവന്‍ പരിശോധിച്ചു കഴിഞ്ഞാല്‍ മാത്രമേ റെയില്‍വേ ഗതാഗതം പുനരാരംഭിക്കാന്‍ സാധിക്കൂ.

പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 11 പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ജാട്ട് വിഭാഗക്കാര്‍ക്കുള്ള സംവരണ ബില്‍ പാസ്സാക്കാമെന്ന് ബിജെപി വാക്ക് കൊടുത്തിട്ടുണ്ട്.
സമരക്കാരൊക്കെ വീടുകളിലേക്ക് മടങ്ങുകയാണെന്നും, സമരക്കാര്‍ ശാന്തരാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജാട്ട് സംവരണ വിഷയവുമായി ബന്ധപെട്ട് മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തിനു ശേഷം തീരുമാനമുണ്ടാകുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ.












Click it and Unblock the Notifications