ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീ! സാവിത്രിയ്ക്ക് മുന്നില്‍ കോണ്‍ഗ്രസും ബിജെപിയും വീണു
ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം കൊയ്ത് സാവിത്രി ജിന്‍ഡാല്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാം നിവാസ് രാരയെ പരാജയപ്പെടുത്തിയാണ് സാവിത്രി നിയമസഭയിലേക്ക് എത്തുന്നത്. 19000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സാവിത്രിയുടെ ജയം. സിറ്റിംഗ് സീറ്റായ ഹിസാറില്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.
ആരോഗ്യമന്ത്രിയും കഴിഞ്ഞ രണ്ട് തവണ ഹിസാര്‍ എംഎല്‍എയുമായിരുന്ന കമല്‍ ഗുപ്തയാണ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ് സാവിത്രി ജിന്‍ഡാല്‍. ബിജെപിയുടെ കുരുക്ഷേത്ര എംപി നവീന്‍ ജിന്‍ഡാലിന്റെ അമ്മയാണ്. ഹിസാറില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് സാവിത്രി. 2005-ലാണ് ആദ്യമായി ഹരിയാന നിയമസഭയില്‍ ഹിസാറിനെ പ്രതിനിധീകരിച്ച് എത്തിയത്.

അന്ന് കോണ്‍ഗ്രസ് എംഎല്‍എയായിട്ടായിരുന്നു അവര്‍ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2009-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2013 ലെ ഭൂപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാരില്‍ റവന്യൂ, ദുരന്തനിവാരണ സഹമന്ത്രി, നഗര തദ്ദേശ സ്ഥാപനങ്ങള്‍, ഭവന വകുപ്പ് സഹമന്ത്രി എന്നിവയുള്‍പ്പെടെ നിരവധി പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. സാവിത്രിയുടെ ഭര്‍ത്താവും വ്യവസായിയുമായിരുന്ന ഒപി ജിന്‍ഡാല്‍ കൈവശം വെച്ചിരുന്ന സീറ്റാണ് ഹിസാര്‍.
ഫോര്‍ബ്‌സ് ഇന്ത്യയുടെ കണക്ക് പ്രകാരം 42.2 ബില്യണ്‍ യുഎസ് ഡോളറാണ് സാവിത്രി ജിന്‍ഡാലിന്റെ ആസ്തി. അതായത് ഏകദേശം 3.65 ലക്ഷം കോടി രൂപ! 2005 ല്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് സാവിത്രി ജിന്‍ഡാല്‍ അദ്ദേഹത്തിന്റെ ബിസിനസ് ഏറ്റെടുക്കുകയായിരുന്നു. 2014 ല്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ 2019 ലും സാവിത്രി മത്സരിച്ചിരുന്നില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ ആണ് സാവിത്രി ജിന്‍ഡാല്‍ കോണ്‍ഗ്രസ് വിട്ടത്. ഇതിന് പിന്നാലെ മകന്‍ നവീന്‍ ജിന്‍ഡാലും പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിസാറില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാവിത്രി ആഗ്രഹിച്ചിരുന്നു. എന്നാല്‍ സിറ്റിംഗ് എംഎല്‍എ കമല്‍ ഗുപ്തയെ മത്സരിപ്പിക്കാനായിരുന്നു ബിജെപി തീരുമാനം.
ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് സാവിത്രി ഹിസാറില്‍ സ്വതന്ത്രയായി മത്സരിച്ചത്. ജിന്‍ഡാല്‍ കുടുംബം എപ്പോഴും ഹിസാറിനെ സേവിച്ചിട്ടുണ്ട് എന്നായിരുന്നു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതിന് പിന്നാലെ സാവിത്രി ജിന്‍ഡാല്‍ പറഞ്ഞിരുന്നത്. അതേസമയം ഈ വിജയം എല്ലാവരുടേതുമാണ് എന്നായിരുന്നു ഫലം പുറത്തുവന്നതിന് ശേഷം അവര്‍ പ്രതികരിച്ചത്.












Click it and Unblock the Notifications