പ്രതികളെ പിടിക്കാന്‍ ഹരിയാന പോലീസ് സഹകരിക്കുന്നില്ല; സഹായത്തിന് പകരം കേസെടുത്തെന്ന് ഗെലോട്ട്
ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാറിന്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മറുപടി. ഭീവണ്ടിയില്‍ രണ്ട് മുസ്ലീം യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ സഹകരിക്കാന്‍ ഹരിയാന പോലീസ് തയ്യാറായില്ലെന്ന് ഗെലോട്ട് ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള സഹായമൊന്നും ഹരിയാന പോലീസില്‍ നിന്ന് ലഭിച്ചില്ല. രാജസ്ഥാന്‍ പോലീസിനെതിരെ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് അവര്‍ ചെയ്തതെന്നും ഗെലോട്ട് ആരോപിച്ചു.
ബജ്രംഗ്ദള്‍ അംഗവും, ഗോരക്ഷാ പ്രവര്‍ത്തകനുമായ മോനു മനേസറിന്റെ അറസ്റ്റിനെ കുറിച്ചുള്ള ഖട്ടാറിന്റെ പ്രതികരണമാണ് ഗെലോട്ടിന്റെ മറുപടിക്ക് കാരണം. മോനു മനേസറിനെതിരെ നടപടിയെടുക്കാന്‍ രാജസ്ഥാന്‍ പോലീസിന് സ്വാതന്ത്ര്യമുണ്ടെന്ന് നേരത്തെ മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. രാജസ്ഥാനിലെ ഭരത്പൂരില്‍ നസീര്‍-ജൂനൈദ് എന്നീ യുവാക്കളെ കൊലപ്പെടുത്തിയതിന് പിന്നില്‍ മോനുവാണെന്ന് രാജസ്ഥാന്‍ പോലീസ് ആരോപിക്കുന്നു. എന്നാല്‍ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഹരിയാന പോലീസില്‍ നിന്നടക്കം നേരത്തെ രാജസ്ഥാന്‍ പോലീസ് സഹായം തേടിയിരുന്നു. എന്നാല്‍ കാര്യമായ സഹായം കിട്ടാത്തതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. മോനു മനേസര്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താന്‍ സഹായിക്കാമെന്ന് നേരത്തെ ഖട്ടാര്‍ പറഞ്ഞിരുന്നു. പിന്നീട് ഇപ്പോള്‍ മനേസര്‍ എവിടെയാണ് ഉള്ളതെന്ന് അറിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.നസീറിനെയും, ജുനൈദിനെയും ഗോരക്ഷാ പ്രവര്‍ത്തകര്‍ നേരത്തെ തട്ടിക്കൊണ്ടുപോയ ശേഷം തീവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഹരിയാനയിലെ ഭീവനിയില്‍ നിന്ന് ഫെബ്രുവരി പതിനാറിനാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു കാറിനുള്ളില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. വനത്തിനുള്ളില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഈ കാര്‍. ' രാജസ്ഥാന്‍ പോലീസിനെ സാധ്യമായ എല്ലാ രീതിയിലും സഹായിക്കാമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞിരിക്കുകയാണ്. എന്നാല്‍ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ഹരിയാന പോലീസ് സഹകരിച്ചില്ല. രാജസ്ഥാന്‍ പോലീസിനെതിരെ കേസെടുത്തു. ഹരിയാനയിലെ അതിക്രമങ്ങള്‍ തടയാന്‍ ഖട്ടാറിന് സാധിച്ചിട്ടില്ല. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് അദ്ദേഹം ഇത്തരം പരാമര്‍ശങ്ങള്‍ ' നടത്തുന്നതെന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു.
അതേസമയം രാജസ്ഥാനിലെ കൊലപാതകത്തില്‍ മാത്രമല്ല, ഹരിയാനയിലെ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും മോനു മനേസറാണെന്ന് സംശയിക്കപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട മൂന്ന് വീഡിയോകളാണ് കലാപം ആളിക്കത്തിച്ചത്. ഇതില്‍ രണ്ടെണ്ണം മോനു മനേസറും, ഒരെണ്ണം ഗോരക്ഷാ പ്രവര്‍ത്തകന്‍ ബിട്ടു ബജ്രംഗിയുമാണ് പുറത്തുവിട്ടത്. മതപരമായ ചടങ്ങില്‍ ജനങ്ങളോട് പങ്കെടുക്കാനും, താന്‍ നൂഹില്‍ എത്തുമെന്നും, ജനക്കൂട്ടം തന്നെ ക്ഷേത്രങ്ങളിലേക്ക് എത്തണമെന്നും മോനു മനേസര്‍ ആഹ്വാനം ചെയ്തിരുന്നു.












Click it and Unblock the Notifications