2022ല്‍ മരിച്ച സ്ത്രീ വോട്ടര്‍ പട്ടികയില്‍: ചിത്രം ബ്രസീലിയന്‍ മോഡലിന്റേത്; പുലിവാല്‍ പിടിച്ച് ഫോട്ടോഗ്രാഫര്‍
വോട്ട് മോഷണത്തെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നാലെ 2024-ല്‍ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്ന ഗുരുതരമായ ക്രമക്കേടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമം. 2022-ല്‍ മരിച്ച സ്ത്രീയുടെ പേര് 2024-ലെ വോട്ടര്‍ പട്ടികയിലും നിലനിര്‍ത്തയതായി കണ്ടെത്തി. സ്ത്രീയുടെ ചിത്രമായി കൊടുത്തിരിക്കുന്നത് ബ്രസീലിയന്‍ മോഡലിന്റേതാണ്. സ്ത്രീയുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം ഇന്ത്യാ ടുഡേ ടിവിയോട് സ്ഥിരീകരിച്ചത്.
ഹരിയാനയില്‍ 2024 നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോതിലുള്ള വോട്ടര്‍ തട്ടിപ്പ് നടന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രം 'സീമ', 'സ്വീറ്റി', 'സരസ്വതി' തുടങ്ങി വ്യത്യസ്ത പേരുകളിലായി ഹരിയാന വോട്ടര്‍ പട്ടികയില്‍ 22 തവണ വരെ ഉപയോഗിച്ചിട്ടുണ്ടെന്നാണ് രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി പൊട്ടിച്ച ബോംബ് രാജ്യമൊട്ടാകെ വലിയ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു.

2022 മാര്‍ച്ചില്‍ മരിച്ച ഗുനിയ എന്ന സ്ത്രീയുടെ പേര് ഇപ്പോഴും വോട്ടര്‍ പട്ടികയില്‍ ഉണ്ടെന്ന് കുടുംബം കണ്ടെത്തി. തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ ഗുനിയയുടെ മരണ സര്‍ട്ടിഫിക്കറ്റ് ഇന്ത്യാ ടുഡേ ടിവിയുമായി പങ്കുവെച്ചത്. മരണത്തിന് മുമ്പ് ഗുനിയ വോട്ട് ചെയ്തിരുന്നതായി അമ്മായിയമ്മ സ്ഥിരീകരിച്ചു, എന്നാല്‍ പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ഗുനിയയുടെ പേരിനൊപ്പം വിദേശ മോഡലിന്റെ ചിത്രം എങ്ങനെ വന്നു എന്നത് തങ്ങള്‍ക്ക് അറിയില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
അതേസമയം, തന്റെ സമ്മതമില്ലാതെയാണ് ചിത്രം ഉപയോഗിച്ചതെന്ന് ബ്രസീലിയന്‍ മോഡലും സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. താന്‍ നേരത്തെ മോഡലിങ് നടത്തിയിരുന്ന കാലത്ത് എടുത്ത ഫോട്ടോ ഇന്ത്യയിലെ വോട്ടര്‍ പട്ടികയില്‍ സമ്മതമില്ലാതെ ഉപയോഗിച്ചതായി അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയിലെ രാഷ്ട്രീയവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ പഴയ ഫോട്ടോ ഒരു സ്റ്റോക്ക് ഇമേജ് പ്ലാറ്റ്ഫോമില്‍ നിന്ന് വാങ്ങി അനുവാദമില്ലാതെ ഉപയോഗിച്ചു. അത് ഞാനല്ല, ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ പോയിട്ടില്ലെന്നും വിദേശ മോഡല്‍ ഒരു വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കൃത്രിമം കാണിച്ചെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഹരിയാനയിലെ രണ്ട് കോടി വോട്ടര്‍മാരില്‍ 25 ലക്ഷം പേര്‍ വ്യാജമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ വോട്ടര്‍ പട്ടികയുടെ കൃത്യതയെയും സമഗ്രതയെയും കുറിച്ച് വലിയ സംശയങ്ങള്‍ ഉയര്‍ത്തുന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍.












Click it and Unblock the Notifications