ഹരിയാന കലാപത്തില്‍ മരണം അഞ്ചായി; പള്ളി ഇമാമിനെയും കൊലപ്പെടുത്തി, അക്രമം വ്യാപിച്ചു
ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയിലുണ്ടായ കലാപത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. 70 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ചയാണ് വ്യാപക സംഘര്‍ഷമുണ്ടായത്. ചൊവ്വാഴ്ചയും അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഗുരുഗ്രാമിലെ ബാദ്ഷാപൂരില്‍ റസ്റ്ററന്റുകളും കടകളും കത്തിച്ചത് ഇന്നാണ്. മതപരമായ മുദ്രാവാക്യം വിളിച്ചെത്തിയ ജനക്കൂട്ടമാണ് അക്രമം നടത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് 200ഓളം പേര്‍ പ്രദേശത്തെത്തിയതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ലും വടികളുമായിട്ടാണ് അക്രമികള്‍ എത്തിയത്. നിരവധി ഇറച്ചികടകള്‍ ഇവര്‍ നശിപ്പിച്ചു. കടകള്‍ കത്തിക്കുകയും തകര്‍ക്കുകയും ചെയ്തു. ഇതുവരെ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. വിദ്വേഷപരമായ വീഡിയോ പ്രചരിച്ചതാണ് നൂഹിലെ അക്രമത്തിന് കാരണമെന്ന് പറയപ്പെടുന്നു.

ഹിന്ദുത്വ സംഘടനകള്‍ ആഹ്വാനം ചെയ്ത റാലിക്കിടെ കല്ലേറുണ്ടാകുകയായിരുന്നു. ഇതോടെ പലരും സമീപത്തെ ക്ഷേത്രത്തില്‍ ഒളിച്ചു. മൂന്ന് പേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. പിന്നീട് അര്‍ധ രാത്രി പള്ളിക്ക് നേരെ ആക്രമണമുണ്ടായി. രണ്ട് ഹോം ഗാര്‍ഡുകളും മറ്റു രണ്ടുപേരും ഇമാമുമാണ് കൊല്ലപ്പെട്ടത്. ഗുരുഗ്രാമിനോട് ചേര്‍ന്ന പ്രദേശമാണ് നൂഹ്.
ക്ഷേത്രത്തില്‍ അഭയം തേടിയവരെ രാത്രി വൈകിയാണ് രക്ഷപ്പെടുത്തിയത്. ഇതോടെ മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച വരെ ഇന്റര്‍നെറ്റിന് നിരോധനമുണ്ട്. സ്‌കൂള്‍, കോളജ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് അവധി നല്‍കി. പരീക്ഷകളെല്ലാം മാറ്റിവച്ചു. എല്ലാവരും അക്രമത്തില്‍ നിന്ന് പിന്മാറണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആവശ്യപ്പെട്ടു.
നിര്‍ഭാഗ്യകരമായ സംഭവമാണിത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ഖട്ടര്‍ പറഞ്ഞു. കലാപത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എല്ലാവരും സമാധനത്തിന്റെ വഴി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മണിപ്പൂരിന് പിന്നാലെ ഹരിയാനയും കത്തുകയാണ്. നല്ല സൂചനയല്ലിത്. സമാധാനത്തിന് ഭംഗം വരുത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications