കര്‍ണാടകയില്‍ ഗണേശ നിമഞ്ജന ഘോഷയാത്രയ്ക്കിടെ ട്രക്ക് പാഞ്ഞുകയറി; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്
ബെംഗളൂരു: ഗണേശ നിമഞ്ജന ഘോഷയാത്രയ്ക്കിടെ ട്രക്ക് പാഞ്ഞുകയറി അപകടം. കര്‍ണാടകയിലെ ഹാസനില്‍ ഹോളേനരസിപുരയിലെ മൊസലെ ഹൊസഹള്ളിക്ക് സമീപമാണ് സംഭവം. ഗണേശ നിമഞ്ജന ഘോഷയാത്രയ്ക്കിടെയിലേക്ക് ഭാരം കയറ്റി വന്ന ഒരു ഗുഡ്‌സ് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ആറ് പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
തിരക്കേറിയ NH373 റോഡില്‍ ആയിരുന്നു സംഭവം. മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്

മൊസാലെ ഹൊസഹള്ളിയിലെയും സമീപ ഗ്രാമങ്ങളിലെയും നിരവധി ആളുകള്‍ ഘോഷയാത്രയുടെ ഭാഗമായുള്ള സംഗീതത്തില്‍ നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടയിലേക്കാണ് ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം അപകടത്തിന്റെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ഹോളേനരസിപൂര്‍ എം എല്‍ എയും മുന്‍ മന്ത്രിയുമായ എച്ച്ഡി. രേവണ്ണയും മകനും എം എല്‍ സിയുമായ സൂരജ് രേവണ്ണയും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ പോലീസ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഹാസനില്‍, എംഎല്‍എ സ്വരൂപ് പ്രകാശ് ആശുപത്രി സന്ദര്‍ശിച്ച് പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി.












Click it and Unblock the Notifications