പ്രവാചക നിന്ദ എന്ന ആരോപണം; ഇന്ത്യ മാപ്പ് പറയേണ്ടതില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: ബി ജെ പി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകന് എതിരായ പരാമര്‍ശത്തില്‍ ഇന്ത്യ മാപ്പ് പറയേണ്ട കാര്യമില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ് എന്നും ഇക്കാര്യം പല തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതും പറഞ്ഞിട്ടുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തില്‍ അടക്കം പല രാജ്യങ്ങളും പലതും പറയുന്നുണ്ട് എന്നും ഇതൊന്നും ഇന്ത്യയെ ബാധിക്കാറില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ആഗോള തലത്തിലുള്ള മുസ്ലിം സമൂഹത്തെ വേദനിപ്പിക്കുന്നതാണ് പരമാര്‍ശം എന്നും വിവാദ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായ ക്ഷമാപണം നടത്തും എന്നാണ് പ്രതീക്ഷ എന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.

നേരത്തെ ടി വി ചാനല്‍ ചര്‍ച്ചയ്ക്കിടെ ബി ജെ പി വക്താവ് നൂപൂര്‍ ശര്‍മ പ്രവാചകനെ നിന്ദിച്ചു എന്നാരോപിച്ചു യു പിയിലെ കാന്‍പുരിലുണ്ടായ സംഘര്‍ഷം അറബ് ലോകത്ത് ഇന്ത്യയുടെ പ്രതിഛായയെ ബാധിക്കുന്ന തരത്തിലേക്കു വളര്‍ന്നിരുന്നു. ഇതോടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികളുമായി മുന്നോട്ടുവന്നിരുന്നു. ഇന്ത്യ എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളുന്ന രാജ്യമാണെന്നും പരാമര്‍ശം നടത്തിയ വ്യക്തി ഭരണതലത്തില്‍ ഏതെങ്കിലും പദവി വഹിക്കുന്ന ആളല്ലെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

വിവാദ പരാമര്‍ശം നടത്തിയ വക്താവ് നൂപുര്‍ ശര്‍മയെ ബി ജെ പിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരന്‍ നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പുറത്താക്കിയിരുന്നു. എന്നാല്‍ പരാമര്‍ശം നടത്തിയവര്‍ക്ക് എതിരെയുള്ള അച്ചടക്ക നടപടിയെ സ്വാഗതം ചെയ്‌തെങ്കിലും ഇന്ത്യന്‍ സര്‍ക്കാര്‍ ഖേദം പ്രകടിപ്പിക്കണം എന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടത്.

ഖത്തറിനെ കൂടാതെ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. കുവൈറ്റ്, പാകിസ്ഥാന്‍, ഇറാന്‍, സൗദി, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ രംഗത്തെത്തി. വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയം ടെഹ്റാനിലെ ഇന്ത്യന്‍ അംബാസഡറെ വിളിച്ച് വരുത്തിയെന്നാണ് വിവരം. കൂടിക്കാഴ്ചയില്‍, ഇന്ത്യന്‍ പ്രതിനിധി പ്രവാചക നിന്ദയില്‍ ഖേദം പ്രകടിപ്പിച്ചു എന്നും റിപ്പോര്‍ട്ടുണ്ട്.

വിവാദ പ്രസ്താവനയെ അപലപിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും രംഗത്തെത്തി. നമ്മുടെ പ്രിയപ്പെട്ട പ്രവാചകനെ കുറിച്ച് ബി ജെ പി നേതാവിന്റെ വ്രണപ്പെടുത്തുന്ന അഭിപ്രായങ്ങളെ ശക്തമായ വാക്കുകളില്‍ താന്‍ അപലപിക്കുന്നു എന്നും മോദിയുടെ കീഴില്‍ ഇന്ത്യ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട് എന്നുമാണ് ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്.

ലോകരാജ്യങ്ങള്‍ ഇന്ത്യയെ പരസ്യമായി ശാസിക്കണം എന്നാണ് പാകിസ്ഥാന്‍ പറഞ്ഞത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താവിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാന്‍ ഗ്രാന്റ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലിലി വ്യക്തമാക്കി. സൗദി അറേബ്യയും കുവൈറ്റും പ്രവാചക നിന്ദയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പ്രസ്താവന വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നുപൂര്‍ ശര്‍മ്മ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രസ്തുത പ്രസ്താവന പിന്‍വലിക്കുകയാണെന്നാണ് നുപൂര്‍ പറഞ്ഞത്. മുസ്ലിം സംഘടനയായ റസാ അകാദമിയുടെ പരാതിയില്‍ നൂപൂറിനെതിരെ സൗത്ത് മുംബൈ പൊലീസ് കേസെടുത്തിട്ടുണ്ട്.
സൂക്ഷിച്ച് നോക്കേണ്ട... പ്രിയങ്ക തന്നെ; കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications