വിദ്വേഷ പ്രസംഗം; അക്ബറുദ്ദീന്‍ ഒവൈസിയെ കുറ്റവിമുക്തനാക്കി കോടതി
ഹൈദരാബാദ്: വിദ്വേഷ പ്രസംഗത്തില്‍ ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എ ഐ എം ഐ എം) നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയെ കുറ്റവിമുക്തനാക്കി കോടതി. നമ്പള്ളിയിലെ പ്രത്യേക കോടതിയാണ് അക്ബറുദ്ദീന്‍ ഒവൈസിയെ വെറുതെ വിട്ടത്. അതേസമയം ഭാവിയില്‍ ഇത്തരത്തിലുള്ള വിവാദ പ്രസ്താവനകള്‍ നടത്തരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. 2012 ഡിസംബര്‍ 8-ന് നിസാമാബാദിലും 2012 ഡിസംബര്‍ 22-ന് നിര്‍മ്മല്‍ ടൗണിലും നടത്തിയ വിവാദ പ്രസംഗങ്ങളുടെ പേരിലാണ് കേസുകള്‍. ഗൂഢാലോചന, മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്താന്‍ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി നിര്‍മ്മലിലും നിസാമാബാദിലുമാണ് അക്ബറുദ്ദീന്‍ ഒവൈസിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.
100 കോടി ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ പൊലീസിനെ 15 മിനിറ്റ് നീക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടായിരുന്നു 2012 ലെ പ്രസംഗം. നിര്‍മ്മലില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം. പ്രത്യേക സെഷന്‍സ് കോടതി പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ അപര്യാപ്തമാണെന്ന് കണ്ടെത്തി ഒവൈസിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കി. 2013 ല്‍ നിര്‍മ്മല്‍ ടൗണിലും നിസാമാബാദ് ജില്ലയിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തനിക്കെതിരെ ഉയര്‍ന്ന എല്ലാ ആരോപണങ്ങളും ഹിയറിംഗിനിടെ അദ്ദേഹം നിഷേധിച്ചു. സെക്ഷന്‍ 153 എ (മതത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 എ (മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമായ) വകുപ്പുകളാണ് ഒവൈസിക്കെതിരെ ചുമത്തിയിരുന്നത്.

നിര്‍മ്മല്‍ പോലീസും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റും (സിഐഡി) രണ്ട് കേസുകളും അന്വേഷിച്ച് 2016-ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. നിസാമാബാദ് കേസില്‍ 41 സാക്ഷികളെ വിസ്തരിച്ചപ്പോള്‍ നിര്‍മ്മല്‍ കേസില്‍ 33 പേരെ വിസ്തരിച്ചു. ഏപ്രില്‍ 17-ന് വാദം അവസാനിപ്പിച്ച് അന്തിമ വിധി ഏപ്രില്‍ 13-ലേക്ക് മാറ്റുകയായിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ ആരോപിച്ച് ഒവൈസിയ്‌ക്കെതിരെ ചുമത്തിയ രണ്ട് ക്രിമിനല്‍ കേസുകളില്‍ അദ്ദേഹത്തെ പ്രത്യേക കോടതി കുറ്റവിമുക്തനാക്കിയെന്ന് എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി ട്വീറ്റ് ചെയ്തു.

എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദി. തങ്ങളുടെ വിലയേറിയ സഹായം നല്‍കിയ അഡ്വക്കേറ്റ് അബ്ദുള്‍ അസീം എസ്ബിക്കും മുതിര്‍ന്ന അഭിഭാഷകര്‍ക്കും പ്രത്യേക നന്ദി, അസദുദ്ദീന്‍ ഒവൈസി കൂട്ടിച്ചേര്‍ത്തു. ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്നും സംശയത്തിന്റെ ആനുകൂല്യം പ്രതികള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചതായി അക്ബര്‍ ഒവൈസിയുടെ അഭിഭാഷകന്‍ എം എ അസീം പറഞ്ഞു.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെ (സിഎഫ്എസ്എല്‍) റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാങ്കേതിക തെളിവുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ പിന്തുണയ്ക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല. എഫ് എസ് എല്‍ റിപ്പോര്‍ട്ട്, നിയമപ്രകാരം, പ്രോസിക്യൂഷനെ സഹായിക്കുന്നതിന് സ്ഥിരീകരണത്തിനായി ഉപയോഗിക്കാവുന്ന ഒരു വിദഗ്ധന്റെ അഭിപ്രായം മാത്രമാണ്, എന്നാല്‍ പ്രധാനമായും എഫ് എസ് എല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു പ്രതിയെ ശിക്ഷിക്കാനോ കുറ്റവിമുക്തനാക്കാനോ കോടതിക്ക് കഴിയില്ല, ''അദ്ദേഹം പറഞ്ഞു.

ദൃക്സാക്ഷികള്‍ക്ക് പ്രോസിക്യൂഷന്റെ വാദം ശരിവെക്കാനാകില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. ''ഓരോ കേസിലും രണ്ട് ദൃക്‌സാക്ഷികള്‍ ഉണ്ടായിരുന്നു. പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയെങ്കിലും ഇരുവരുടെയും മൊഴികള്‍ പരസ്പര വിരുദ്ധമാണ്. മാത്രമല്ല, ഈ സാക്ഷികള്‍ ഒരു മാസത്തോളം നിശബ്ദത പാലിക്കുകയും റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്തു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം പോലീസ് കേസെടുത്തെങ്കിലും ഒരു മാസത്തിന് ശേഷമാണ് ഈ സാക്ഷികള്‍ പോലീസില്‍ എത്തിയത്. കൂടാതെ, എല്ലാ സാക്ഷികള്‍ക്കും രാഷ്ട്രീയ പശ്ചാത്തലമുണ്ട്, അതിനാല്‍ അവര്‍ പ്രതികളുമായി ശത്രുത പുലര്‍ത്തിയിരുന്നു, ''അഭിഭാഷകന്‍ വിശദീകരിച്ചു.












Click it and Unblock the Notifications