ഹത്രാസ് കേസ്: ആര്‍ക്കെതിരേയും ബലാത്സംഗ കുറ്റമില്ല; ശിക്ഷിക്കപ്പെട്ടത് മനപൂര്‍വമല്ലാത്ത നരഹത്യക്ക്!!
സന്ദീപ്, രവി, ലവ് കുഷ്, രാമു എന്നീ നാല് പ്രതികളെ ആയിരുന്നു സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നത്. ഇതില്‍ സന്ദീപ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി കണ്ടെത്തല്‍

ലക്‌നൗ: രാജ്യത്തിന്റെ മനസാക്ഷിയെ ആകെ ഞെട്ടിച്ച ഹത്രാസ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളില്‍ ആര്‍ക്കെതിരേയും ബലാത്സംഗ കുറ്റം ചുമത്താതെ യു പി പ്രത്യേക കോടതി. കഴിഞ്ഞ ദിവസം കേസില്‍ കുറ്റാരോപിതരായ നാല് പേരില്‍ മൂന്ന് പേരെയും യു പി കോടതി വെറുതെ വിട്ടിരുന്നു. ഒരാള്‍ക്കെതിരെ കൊലപാതകത്തിന് തുല്യമല്ലാത്ത മനഃപൂര്‍വ്വമായ നരഹത്യ ചുമത്തി ജീവപര്യന്തം തടവിനും ശിക്ഷിച്ചു.
എന്നാല്‍ നാല് പ്രതികളില്‍ ആരും തന്നെ ബലാത്സംഗ കേസില്‍ കുറ്റക്കാരാണ് എന്ന് കോടതി കണ്ടെത്തിയിട്ടില്ല. രവി, ലവ് കുഷ്, രാമു, സന്ദീപ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ സന്ദീപിനെ മാത്രമാണ് ശിക്ഷിച്ചിരിക്കുന്നത്. ഐ പി സി സെക്ഷന്‍ 304 പ്രകാരം എസ് സി- എസ് ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ഹത്രാസില്‍ 19 കാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. 2020 സെപ്റ്റംബര്‍ 14 ന് ആയിരുന്നു രാജ്യത്ത് വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ സംഭവം അരങ്ങേറിയത്. പ്രതിപ്പട്ടികയില്‍ ഉള്ളവര്‍ സവര്‍ണ ജാതിക്കാരായിരുന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു.

പരിക്കുകളോടെ കണ്ടെത്തിയ പെണ്‍കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചു. ഇതിന് പിന്നാലെ വീട്ടുകാരുടെ അനുമതി ഇല്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രിയില്‍ സംസ്‌കരിച്ച യു പി പൊലീസിന്റെ നടപടിയും വലിയ വിവാദമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അലഹാബാദ് ഹൈക്കോടതി പൊലീസ് നടപടിക്ക് എതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് കേസ് സി ബി ഐക്ക് കൈമാറുകയും ചെയ്തു. അതേസമയം മൂന്നുപേരെ കുറ്റവിമുക്തരാക്കിയതിനെതിരെയും കൂട്ടബലാത്സംഗ കുറ്റം പരിഗണിക്കാത്തതിനെതിരെയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഠാക്കൂര്‍മാരായ പ്രതികള്‍ക്ക് ജാതി പരിഗണനകള്‍ ഉള്ളതിനാലാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് സി ബി ഐ കേസെടുത്തത്.
അതിനിടെ സന്ദീപിന്റെ ശിക്ഷയ്ക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ മുന്ന പന്ദിര്‍ പറഞ്ഞു. രാഷ്ട്രീയ- മാധ്യമ ഇടപെടലിനെ തുടര്‍ന്ന് കെട്ടിച്ചമച്ച കേസാണിത് എന്നും സന്ദീപും കുറ്റവിമുക്തനാകും എന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications