ഹാഥ്റാസ് ദുരന്തം; മുഖ്യപ്രതി ഡൽഹിയിൽ കീഴടങ്ങി, ഇന്ന് കോടതിയിൽ ഹാജരാക്കും
ഡൽഹി: ഹാഥ്റാസിൽ തിക്കിലും തിരക്കിലുംപെട്ട് 121 പേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറാണ് വെള്ളിയാഴ്ച രാത്രി ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയത്. സ്വയം പ്രഖ്യാപിത ആൾദൈവമായ നാരായൺ സകർ ഹരി അലിയാസ് ബോലെ ബാബയുടെ വലംകൈയാണ് ഇയാൾ. ഇയാളെ ഉത്തർപ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവത്തിന് ശേഷം ദേവ് പ്രകാശ് ഒളിവിലായിരുന്നു. തുടർന്ന് ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാണ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണവും നടത്തിയിരുന്നു.

അതേസമയം തന്റെ കക്ഷിയായ ദേവ്പ്രകാശ് ദില്ലിയിൽ ചികിത്സയിൽ കഴിയുകയായിരുന്നുവെന്നും അവിടെ നിന്ന് അദ്ദേഹം കീഴടങ്ങുകയായിരുന്നുവെന്നും ഇയാളുടെ അഭിഭാഷകൻ വീഡിയോയിൽ പറഞ്ഞു. 'ദേവ്പ്രകാശ് ഇന്ന് കീഴടങ്ങുകയായിരുന്നു. അദ്ദേഹം ഡൽഹിയിൽ ചിതിത്സയിൽ തുടരുകയായിരുന്നു. ഞങ്ങൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കില്ല. കാരണം അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹം ചെയ്ത കുറ്റം എന്താണ്? അദ്ദേഹം ഒരു എൻജിനീയറാണ്, ഹൃദ്രോഗിയും. ഇപ്പോൾ അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങാൻ തീരുമാനിച്ചത്', അഭിഭാഷകൻ വീഡിയോയിൽ വ്യക്തമാക്കി.
അതേസമയം ഹാഥ്റാസ് അപകടവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാം ലഡൈറ്റ് (50), ഉപേന്ദ്ര ഇംഗ് യാദവ് (62), മേഘ് സിംഗ് (61), മുകേഷ് കുമാർ (38), മഞ്ജു യാദവ് (30), മഞ്ജു ദേവി (40) എന്നിവരാണ് അറസ്റ്റിലായത്. പരിപാടിയുടെ സംഘാടകരാണിവർ.
അതേസമയം പോലീസ് സമർപ്പിച്ച എഫ് ഐ ആറിൽ എവിടെയും ദുരന്തത്തിന് കാരണമായ 'സത്സംഗ്' സംഘടിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം 'ഭോലെ ബാബ'യുടെ പേരില്ല. ഇയാൾ ഇപ്പോഴും ഒളിവിലാണ്. ആവശ്യമെങ്കിൽ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
122 പേരായിരുന്നു ഹാഥ്റാസ് ദുരന്തത്തിൽ മരിച്ചത്. പരിപാടി കഴിഞ്ഞ് 'ഭോലെ ബാബ' പോകാൻ തയ്യാറെടുത്തപ്പോൾ ഉണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിൽ കലാശിച്ചത്. ഇയാൾ വണ്ടി എടുത്ത ശേഷം ആളുകളെല്ലാവരും വണ്ടിയിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടി. ഇതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്.












Click it and Unblock the Notifications