ഹാഥ്റാസ് ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധി
ഹാഥ്റാസ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം ഹാഥ്റാസിൽ എത്തിയത്. ദുരന്തത്തിൽ പരുക്കേറ്റവരുമായും രാഹുൽ സംസാരിച്ചു. പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പുലർച്ചെ 5.10നാണ് രാഹുൽ ഡൽഹിയിൽ നിന്നും ഹാഥ്റസിലേക്ക് പുറപ്പെട്ടത്. അഖിലേഷ് യാദവും ഒപ്പമുണ്ടായിരുന്നു. രാവിലെ 7.15 ഓടെ രാഹുൽ അലിഗഡിലെ പിലകന ഗ്രാമത്തിലെത്തി. പിന്നീട് വൈഭവ് നഗർ മേഖലയിലും സന്ദർശിച്ചു. പാർട്ടിയുടെ സഹായത്തോടെ ഞങ്ങളെ സഹായിക്കുമെന്ന് രാഹുൽ ഉറപ്പ് നൽകിയതായി മരിച്ചവരുടെ കുടുംബാംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഹാഥ്റാസ് അപകടവുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാം ലഡൈറ്റ് (50), ഉപേന്ദ്ര ഇംഗ് യാദവ് (62), മേഘ് സിംഗ് (61), മുകേഷ് കുമാർ (38), മഞ്ജു യാദവ് (30), മഞ്ജു ദേവി (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരാണ് പരിപാടിയുടെ സംഘാടകർ എന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രധാന പ്രതി ദേവ്പ്രകാശ് മധുകറിനെ പിടികൂടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് വിവരം. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പോലീസ് സമർപ്പിച്ച എഫ് ഐ ആറിൽ എവിടെയും ദുരന്തത്തിന് കാരണമായ 'സത്സംഗ്' സംഘടിപ്പിച്ച സ്വയം പ്രഖ്യാപിത ആൾദൈവം 'ഭോലെ ബാബ'യുടെ പേരില്ല. ആവശ്യമെങ്കിൽ മാത്രം ഇയാളെ ചോദ്യം ചെയ്യാം എന്ന നിലപാടിലാണ് പോലീസ്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ ആണെന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസ് ഇയാളെ കാണാനായി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
122 പേരായിരുന്നു ഹാഥ്റാസ് ദുരന്തത്തിൽ മരിച്ചത്. പരിപാടി കഴിഞ്ഞ് 'ഭോലെ ബാബ' പോകാൻ തയ്യാറെടുത്തപ്പോൾ ഉണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തിൽ കലാശിച്ചത്. ഇയാൾ വണ്ടി എടുത്ത ശേഷം ആളുകളെല്ലാവരും വണ്ടിയിൽ നിന്ന് ഉയർന്ന പൊടി ശേഖരിക്കാൻ തിക്കും തിരക്കും കൂട്ടി. ഇതാണ് വലിയ ദുരന്തത്തിന് വഴിവെച്ചത്. സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢോലചനയുണ്ടോയെന്നതും പോലീസ് പരിശോധിച്ച് വരികയാണ്. 80,000 പേർക്ക് മാത്രം അനുമതി വാങ്ങിയ പരിപാടിയിൽ പങ്കെടുത്തത് രണ്ടരലക്ഷത്തോളം ആളുകളാണ്. ഇതും ദുരന്തത്തിന്റെ ആഘാതം കൂട്ടി.












Click it and Unblock the Notifications