നാമൊന്ന് നമുക്ക് രണ്ട്; മക്കളധികമെങ്കില്‍ സ്‌കൂള്‍ പ്രവേശനമില്ല, സംഭവം ഇന്ത്യയില്‍!!!
ദില്ലി: രണ്ടിലധികം മക്കളുള്ള രക്ഷിതാക്കളുടെ മക്കള്‍ക്ക് പ്രവേശനം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തി ഒരു പ്രമുഖ സ്‌കൂള്‍. കുറച്ച് കുട്ടികള്‍ ഉണ്ടാവാന്‍ രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് സ്‌കൂളിന്റെ ലക്ഷ്യം.
പശ്ചിമ ദില്ലിയിലെ രാജേന്ദ്ര നഗറിലുള്ള സല്‍വാന്‍ സ്‌കൂളിലാണ് സംഭവം. മോണ്ടിസോറി സല്‍വാന്റെ രണ്ട് ബ്രാഞ്ചുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യവും കൂട്ടിച്ചേര്‍ത്തിട്ടുള്ളത്.

അപേക്ഷിക്കേണ്ടതില്ല
രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ സ്‌കൂളില്‍ മക്കളുടെ പ്രവേശനത്തിനായി സമീപിയ്ക്കേണ്ടതില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

അധ്യാപകര്‍ക്കും
സ്‌കൂളില്‍ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നവര്‍ക്കും പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്.

ജനസംഖ്യാ നിയന്ത്രണം
രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് വേണ്ടി പാലിക്കേണ്ട കടമകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് തങ്ങളെന്നാണ് സല്‍വാന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുശില്‍ സല്‍വാന്‍ സംഭവത്തിന് നല്‍കുന്ന വിശദീകരണം. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗമാണ് ഇതെന്നും അദ്ദേഹം ഓര്‍മ്മിപ്പിയ്ക്കുന്നു.

ഇതൊന്നുമല്ല മാനണ്ഡം
സ്‌കൂള്‍ പ്രവേശനത്തിന് രക്ഷിതാക്കളുടെ വിദ്യാഭ്യാസം, ജോലി, പ്രായം, ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ മാനദണ്ഡമാക്കി മക്കള്‍ക്ക് സ്‌കൂളില്‍ പ്രവേശനം നല്‍കുന്ന മാനദണ്ഡങ്ങള്‍ കഴിഞ്ഞ വര്‍ഷം ദില്ലി സര്‍ക്കാര്‍ എടുത്തുനീക്കിയിരുന്നു.

സ്‌കൂള്‍ പ്രവേശനം
ദില്ലിയിലെ 298 സ്വകാര്യ സ്‌കൂളൂകളില്‍ അടുത്ത അധ്യയന വര്‍ഷത്തേയ്ക്കുള്ള നഴ്‌സറി സ്‌കൂള്‍ പ്രവേശനം ജനുവരി രണ്ടിന് ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ട പ്രവേശനം ജനുവരി 23ന് പൂര്‍ത്തിയാവും. ശേഷിയ്ക്കുന്ന ഇഡബ്ല്യുഎസ്, ഡിജി വിഭാഗങ്ങളിലേയ്ക്കുള്ള പ്രവേശനം ജനുവരി 31ഓടെയും പൂര്‍ത്തിയാവും.












Click it and Unblock the Notifications