ഒരു തുള്ളി വെള്ളം കൊടുത്തില്ല, തല്ലി ചതച്ചു, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്
ഹൈദരാബാദ്: ഹൈദരാബാദില്‍ ക്രൂരമായ പോലീസ് മര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരം. ഗവേഷക വിദ്യാര്‍ത്ഥിയായ ഉദയഭാനുവാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
വൈസ് ചാന്‍സിലര്‍ അപ്പറാവുവിനെ പുറത്താക്കണമെന്നാവശ്യപെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നതിനാല്‍ അധികൃതര്‍ ക്യാമ്പസിലെ ഭക്ഷണ വിതരണം അടക്കമുള്ള കാര്യങ്ങള്‍ തടസ്സപെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഗവേഷണ വിദ്യാര്‍ത്ഥിയായ ഉദയഭാനു അടക്കമുള്ളവര്‍ സഹപാഠികള്‍ക്കായി ഭക്ഷണം തയ്യാറാക്കുകയായിരുന്നു.

എന്നാല്‍ ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാന്‍ തുടങ്ങിയ പല വിദ്യാര്‍ത്ഥികളെയും പോലീസും അര്‍ദ്ധ സൈനീക വിഭാഗവും അടക്കമുള്ളവര്‍ മര്‍ദ്ദിക്കുകയായിരുന്നു. തലയ്ക്കും പുറത്തുമെല്ലാം ലാത്തിയടിയേറ്റ 44 വിദ്യാര്‍ത്ഥികളെ യൂണിവേഴ്‌സിറ്റിയുടെ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതില്‍ ഉദയഭാനുവിന്റെ നില ഗുരുതരമായതിനാല്‍ ഹൈദരാബാദിലെ പ്രാണാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉദയഭാനുഇപ്പോഴും അബോധാവസ്ഥയിലാണ്. ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയെ തുടര്‍ന്ന് അവധിയില്‍ പോയ ശേഷം തിരിച്ചെത്തിയ വൈസ് ചാന്‍സിലര്‍ അപ്പറാവു രാജിവെക്കണമെന്നാവശ്യപെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സമരവുമായി മുന്നോട്ട് പോകുന്നത്.
സര്‍വ്വകലാശാലയില്‍ കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. അറസ്റ്റിലായ 27 വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications