ലോക്സഭ തിരഞ്ഞെടുപ്പ്: ജെഡിഎസ് ബിജെപി സഖ്യത്തിലേക്കോ?; നിലപാട് വ്യക്തമാക്കി എച്ച് ഡി കുമാരസ്വാമി
ബെംഗളൂരു: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന വാർത്തകള്‍ നിഷേധിച്ച് ജെഡിഎസ് നേതാവും മുന്‍ കർണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി. അത്തരത്തില്‍ യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണ്. രാഷ്ട്രീയത്തിൽ ഇത്തരം കിംവദന്തികൾ സാധാരണമാണ്. ഇതുവരെ അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ല, ഞങ്ങളുമായി അത്തരമൊരു സഖ്യം ആരും നിർദ്ദേശിച്ചിട്ടുമില്ല," മാധ്യമപ്രവർത്തകരോടായി കുമാരസ്വാമി പറഞ്ഞു.
അടുത്തിടെ നടത്തിയ ഡൽഹി സന്ദർശനത്തിനിടെ കുമാരസ്വാമി മുതിർന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജെഡിഎസ് ലോക്സഭ തിരഞ്ഞെടുപ്പോടെ ബിജെപി സഖ്യത്തിന്റെ ഭാഗമാവുന്നുവെന്ന വാർത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സമീപകാലത്ത് പാർട്ടി സ്വീകരിച്ച് വരുന്ന ബിജെപി അനുകൂല നിലപാടുകളും പ്രചരണത്തിന് ശക്തി പകർന്നു.

ദേശീയ തലത്തില്‍ പാർട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കുമാരസ്വാമി ആഗ്രഹിക്കുന്നുവെന്നും അതിന് ബിജെപി ബന്ധം തുണയാകുമെന്നും ജെഡിഎസ് വിലയിരുത്തിയതായും റിപ്പോർട്ടുകള്‍ അവകാശപ്പെട്ടു. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന വാർത്തകളും കുമാരസ്വാമി നിഷേധിച്ചു. "എനിക്ക് ദേശീയ രാഷ്ട്രീയത്തിൽ താൽപ്പര്യമില്ല, മാത്രമല്ല, പാർട്ടി പ്രവർത്തകരുടെ സമ്മർദ്ദം മൂലമാണ് ഞാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ മത്സരിച്ചത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂൺ 23 ന് പട്‌നയിൽ നടക്കാനിരിക്കുന്ന ബിജെപി വിരുദ്ധ പാർട്ടികളുടെ യോഗത്തിൽ താൻ പങ്കെടുക്കില്ലെന്ന് മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാർട്ടികള്‍ ബഹിഷ്കരിച്ചപ്പോള്‍ എച്ച്ഡി ദേവഗൗഡ പരിപാടിയില്‍ പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു.
ബിജെപി സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ "ബിജെപിയുമായി ഒരുതരത്തിലുള്ള ബന്ധവും സ്ഥാപിക്കാതെ രാഷ്ട്രീയം നടത്തുന്ന രാജ്യത്തെ ഒരു പാർട്ടിയെ കാണിക്കൂ," എന്നായിരുന്നു ദേവഗൗഡ കഴിഞ്ഞയാഴ്ച നടത്തിയ പ്രതികരണം. വിവിധ സംസ്ഥാനങ്ങളിലെ നിരവധി പാർട്ടികൾ നേരിട്ടോ അല്ലാതെയോ ബിജെപിയുമായി കൈകോർത്തിട്ടുണ്ട്. കോൺഗ്രസിന്റെ നിരവധി നേതാക്കൾ ബിജെപിയിലേക്ക് പോയി, ഇത് കർണാടകയിൽ പോലും കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
"അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കും. ഞങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, പക്ഷേ നിരാശപ്പെടേണ്ട ആവശ്യമില്ല. കഴിഞ്ഞ കാലങ്ങളിൽ ഞാനുൾപ്പെടെ പല തിരഞ്ഞെടുപ്പുകളില്‍ ജയിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം ഞങ്ങൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നുവന്നു. അതുപോലെ ജെഡിഎസ് വീണ്ടും ഉയർന്ന് വരും" എന്നും മുന്‍ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications