ബെംഗളൂരുവിലെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; തീരുമാനത്തിന് കാരണം ഇതാണ്
ബെംഗളൂരുവിലെ കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ യുവാവിന്റെ കഥ ആരെയും ഒന്ന് ഇരുത്തിച്ചിന്തിപ്പിക്കും. രാകേഷ് എന്ന യുവാവാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അനുഭവം പങ്കുവച്ചത്. ജീവിതം വഴിതെറ്റിയ ഒരു അവസ്ഥയില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഭാഗമായാണ് ഓട്ടോ ഡ്രൈവറുടെ കുപ്പായം രാകേഷ് അണിഞ്ഞത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അദ്ദേഹം പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി.
കോര്‍പറേറ്റ് മേഖലയില്‍ വലിയ ശമ്പളം വാങ്ങി രാവും പകലും ജോലി ചെയ്ത് ജീവിതം നഷ്ടപ്പെടുത്തുന്നവരെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കുമ്പോഴാണ് രാകേഷിന്റെ വ്യത്യസ്തമായ തീരുമാനം കൈയടി നേടുന്നത്.
ജീവിതത്തിലുണ്ടായ പ്രതിസന്ധിയും അതു പൂര്‍ണമായും മറികടന്നതും രാകേഷ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്, കോര്‍പറേറ്റ് ജോലിയില്‍ താന്‍ പൂര്‍ണമായും വഴിതെറ്റിപ്പോയ ഒരു ഘട്ടത്തില്‍ എത്തിയിരുന്നു എന്നാണ് വിചാരിച്ചിരുന്നത്. ജീവിതം തന്നെ ഇല്ലാതായ അവസ്ഥ. ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതി. തുടര്‍ന്നാണ് ഓട്ടോ ഡ്രൈവര്‍ എന്ന ജോലി തിരഞ്ഞെടുത്തത്.

ജീവിതം അവസാനിക്കാന്‍ പോകുന്നു എന്ന് കരുതുന്ന, മുന്നോട്ട് എന്തു ചെയ്യണമെന്ന് അറിയാത്ത ആളുകള്‍ക്ക് പ്രചോദനമേകാന്‍ വേണ്ടിയാണ് താന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. കോര്‍പറേറ്റ് ജോലി ഇല്ലെന്നു കരുതി ജീവിതം അവസാനിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നില്ല. എനിക്ക് ഭയമില്ലാത്തതിനാല്‍ എന്റെ വഴിയില്‍ വരുന്ന എന്തിനെയും ഞാന്‍ നേരിടും - അദ്ദേഹം കുറിച്ചു.
വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുത്തതിലൂടെ തനിക്ക് മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് വ്യക്തത വീണ്ടെടുക്കാന്‍ സഹായിച്ചതായി രാകേഷ് വിശ്വസിക്കുന്നു. പണം ഒരു ആവശ്യകതയാണെങ്കിലും അത് മാത്രമല്ല പ്രധാനമെന്നും, ജീവിതത്തിന് മൂല്യം കണ്ടെത്തുക, യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്തുക എന്നിവയിലാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു. താന്‍ ഇനി ഒരു കോര്‍പ്പറേറ്റ് അടിമയല്ല എന്നും കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിക്കാന്‍ പോകുന്ന ആരെയും സഹായിക്കാന്‍ ശ്രമിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ ലക്ഷ്യത്തെ പുനര്‍നിര്‍മ്മിക്കാനുള്ള രാകേഷിന്റെ ചുവടുവയ്പ്പിനെ നിരവധി പേരാണ് പ്രശംസിക്കുന്നത്.












Click it and Unblock the Notifications