ഹെൽത്ത് ഇൻഷുറൻസ് എടുക്കും മുൻപ് ഇത് ശ്രദ്ധിക്കൂ; ഇല്ലെങ്കിൽ പണം പോകും
ഇന്ത്യയിൽ ചികിത്സാ ചിലവുകൾ വർഷം തോറും 12 മുതൽ 15 ശതമാനം വരെയാണ് വർധിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ കൃത്യമായ ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി ഉണ്ടാവുക എന്നത് സാമ്പത്തിക സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ പലപ്പോഴും ഇൻഷുറൻസിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ മൂലം ക്ലെയിം ലഭിക്കാതെ വരികയോ വലിയൊരു തുക സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടി വരികയോ ചെയ്യാറുണ്ട്. ഹെൽത്ത് ഇൻഷുറൻസിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട 10 തെറ്റിദ്ധാരണകളും അവയുടെ യാഥാർത്ഥ്യങ്ങളും താഴെ നൽകുന്നു.
1. ആദ്യ ദിവസം മുതൽ എല്ലാ അസുഖങ്ങൾക്കും കവറേജ് ലഭിക്കും- ഇതൊരു വലിയ തെറ്റായ ധാരണയാണ്. മിക്ക ഇൻഷുറൻസ് പോളിസികൾക്കും നിശ്ചിത 'വെയിറ്റിംഗ് പീരിയഡ്' ഉണ്ടാകും. തിമിരം, ഹെർണിയ തുടങ്ങിയ സാധാരണ ശസ്ത്രക്രിയകൾക്കും നേരത്തെയുള്ള അസുഖങ്ങൾക്കും (Pre-existing diseases) നിശ്ചിത വർഷങ്ങൾ കഴിഞ്ഞാൽ മാത്രമേ പരിരക്ഷ ലഭിക്കൂ.
2. അസുഖങ്ങൾ വെളിപ്പെടുത്തിയാൽ ഉടൻ കവറേജ് ലഭിക്കും- നിലവിലുള്ള അസുഖങ്ങൾ പോളിസി എടുക്കുമ്പോൾ മറച്ചുവെക്കാതെ പറയേണ്ടത് അനിവാര്യമാണ്. എന്നാൽ ഇത് പറഞ്ഞതുകൊണ്ട് മാത്രം ഉടൻ കവറേജ് ലഭിക്കില്ല. അത്തരം അസുഖങ്ങൾക്ക് രണ്ട് മുതൽ നാല് വർഷം വരെ വെയിറ്റിംഗ് പീരിയഡ് ഉണ്ടാകാൻ സാധ്യതയുണ്ട്.
3. ലഹരി ഉപയോഗിക്കുന്നവർക്കും മാറാരോഗികൾക്കും ഇൻഷുറൻസ് ലഭിക്കില്ല- പുകവലിക്കുന്നവർക്കോ മദ്യപിക്കുന്നവർക്കോ പ്രമേഹം പോലുള്ള രോഗങ്ങൾ ഉള്ളവർക്കോ ഇൻഷുറൻസ് ലഭിക്കില്ല എന്നത് തെറ്റാണ്. ഇത്തരം വിവരങ്ങൾ കൃത്യമായി വെളിപ്പെടുത്തിക്കൊണ്ട് തന്നെ പോളിസി എടുക്കാം. ചിലപ്പോൾ പ്രീമിയം തുകയിൽ അല്പം വർധനവുണ്ടാകാം എന്ന് മാത്രം.

4. റൂം റെന്റ് പരിധി വലിയ പ്രശ്നമല്ല- ഹോസ്പിറ്റലിലെ റൂം വാടകയ്ക്ക് പോളിസിയിൽ നിശ്ചിത പരിധി ഉണ്ടാകും. ഇത് മറികടന്നാൽ ഡോക്ടറുടെ ഫീസ്, സർജറി ചിലവ് തുടങ്ങിയവയിലും ആനുപാതികമായ കുറവ് ഇൻഷുറൻസ് കമ്പനി വരുത്തും. ഇത് നിങ്ങളുടെ പോക്കറ്റിൽ നിന്ന് കൂടുതൽ പണം നൽകേണ്ട സാഹചര്യമുണ്ടാക്കും.
5. പഴയ സം അഷ്വേർഡ് തുക ഇന്നും മതിയാകും- അഞ്ച് വർഷം മുൻപ് എടുത്ത അഞ്ച് ലക്ഷത്തിന്റെ പോളിസി ഇന്ന് മതിയാകില്ല. ക്യാൻസർ ചികിത്സയ്ക്കോ ഹൃദയ ശസ്ത്രക്രിയയ്ക്കോ ഇന്ന് 20 മുതൽ 30 ലക്ഷം രൂപ വരെ ചിലവ് വന്നേക്കാം. അതിനാൽ കൃത്യമായ ഇടവേളകളിൽ ഇൻഷുറൻസ് തുക വർദ്ധിപ്പിക്കണം.
6. ഓഫീസിലെ ഇൻഷുറൻസ് മാത്രം മതി- ജോലി ചെയ്യുന്ന സ്ഥാപനം നൽകുന്ന ഗ്രൂപ്പ് ഇൻഷുറൻസ് നല്ലതാണ്. എന്നാൽ ജോലി മാറുമ്പോഴോ വിരമിക്കുമ്പോഴോ ഈ പരിരക്ഷ അവസാനിക്കും. അതിനാൽ സ്വന്തമായി ഒരു വ്യക്തിഗത പോളിസി കൂടി ഉണ്ടാവുന്നത് സുരക്ഷിതമാണ്.
7. കുറഞ്ഞ പ്രീമിയമാണ് മികച്ചത്- കുറഞ്ഞ പ്രീമിയമുള്ള പോളിസികളിൽ പലപ്പോഴും കോ-പേയ്മെന്റ് (Co-payment), സബ്-ലിമിറ്റുകൾ തുടങ്ങിയ നിബന്ധനകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ക്ലെയിം സമയത്ത് നിങ്ങൾക്ക് തിരിച്ചടിയാകും.
8. ക്ലെയിം ഉടൻ തന്നെ ലഭിക്കണം- ക്ലെയിം അംഗീകരിച്ചാലും ബില്ലുകളും രേഖകളും പരിശോധിക്കാൻ ഇൻഷുറൻസ് കമ്പനിക്ക് സമയം വേണ്ടിവരും. ഡിജിറ്റൽ സംവിധാനങ്ങൾ വന്നതോടെ ഇത് വേഗത്തിലായെങ്കിലും പ്രോസസിംഗ് സമയം കണക്കിലെടുക്കണം.
9. ചെറുപ്പക്കാർക്ക് ഇൻഷുറൻസ് വേണ്ട- രോഗങ്ങളും അപകടങ്ങളും പ്രായം നോക്കിയല്ല വരുന്നത്. ചെറുപ്പത്തിൽ പോളിസി എടുക്കുമ്പോൾ പ്രീമിയം കുറവായിരിക്കും എന്നത് മാത്രമല്ല, വെയിറ്റിംഗ് പീരിയഡുകൾ വേഗത്തിൽ പൂർത്തിയാക്കാനും സാധിക്കും.
10. പോളിസി രേഖകൾ വായിക്കേണ്ടതില്ല- ഏജന്റ് പറയുന്ന കാര്യങ്ങൾ മാത്രം വിശ്വസിക്കാതെ പോളിസി രേഖകൾ ശ്രദ്ധാപൂർവ്വം വായിക്കുക. എക്സ്ക്ലൂഷനുകൾ (ഒഴിവാക്കപ്പെട്ടവ), ലിമിറ്റുകൾ എന്നിവ കൃത്യമായി മനസ്സിലാക്കുന്നത് ഭാവിയിലെ തർക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ഈ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സഹായിക്കും.












Click it and Unblock the Notifications